പഞ്ചാബിലെ അമൃത്‌സറിൽ വ്യാജമദ്യം കഴിച്ച് പതിനഞ്ചു പേർ മരിച്ചു. പത്തു പേർ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. ഭംഗാലി കലാൻ, തരൈവാൾ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. ഗുരുതരാവസ്ഥയിലുള്ളവരെ അമൃത്‌സർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമൃത്‌സർ ജില്ലാ കലക്ടർ സാക്ഷി സാവ്‌നി ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ‘‘മരിച്ച എല്ലാവരും ഒരു കേന്ദ്രത്തിൽനിന്നാണ് മദ്യം വാങ്ങിയത്. ചിലർ തിങ്കളാഴ്ച രാവിലെ മരിച്ചു. നാട്ടുകാർ പൊലീസിനെ അറിയിക്കാതെ അവരെ ദഹിപ്പിച്ചു. ചിലർ വസ്തുത മറച്ചുവച്ച് ഹൃദയാഘാതം മൂലമാണ് മരണമെന്ന് പ്രചരിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് മരണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചത്” –മജിത എസ്എച്ച്ഒ ആബ്താബ് സിങ് പറഞ്ഞു.
രണ്ട് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന മദ്യ വിതരണക്കാരായ പ്രഭ്ജിത് സിങ്, സാഹിബ് സിങ് എന്നിവരെ രാജസാൻസിയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു. വിതരണക്കാരിൽനിന്ന് മദ്യം വാങ്ങി ഗ്രാമങ്ങളിലേക്ക് വിതരണം ചെയ്ത മറ്റു നാല് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃത മദ്യം വിതരണം ചെയ്യുന്നവരെ പിടികൂടാൻ പൊലീസ് മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു.