വിവാദമായ പൊള്ളാച്ചി പീഡന പരമ്പര കേസിൽ 9 പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ. കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നിവരാണ് പ്രതികൾ. ഇരകളായ എട്ട് യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
യുവതികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതായി സിബിഐ കോടതിയിൽ അറിയിച്ചു. 2019 ഫെബ്രുവരിയിൽ കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്നത്തെ അണ്ണാ ഡിഎംകെ സർക്കാരിനെ പിടിച്ചുലച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തിയത്.
2016നും 2019നും ഇടയിലാണ് പീഡനങ്ങൾ നടന്നത്. ഇരകളിൽ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍വരെ ഉണ്ടായിരുന്നു. മിക്കവരെയും പ്രതികള്‍ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ട് വഴിയാണ്. യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വലയിലാക്കും. പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തും.
പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതികളില്‍ ഒരാളായ തിരുന്നാവക്കരശ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യര്‍ഥന നടത്തിയശേഷം, സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് കാറില്‍ കയറ്റി. വഴിയില്‍വച്ച് മറ്റ് മൂന്ന് പ്രതികള്‍കൂടി കാറില്‍കയറി. നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. ഈ വിവരങ്ങള്‍ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതോടെയാണ് പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.