പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമായതിനെ തുടർന്ന് യുപിയിലെ 17 നവജാത ശിശുക്കൾക്ക് സിന്ദൂർ എന്നു പേരിട്ടു. യുപിയിലെ കുശിനഗർ ജില്ലയിൽ മേയ് 9നും 10നും ജനിച്ച കുട്ടികൾക്കാണ് മാതാപിതാക്കൾ സിന്ദൂർ എന്ന പേരു നൽകിയത്. കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രണം ഉണ്ടായതിനെ തുടർന്നാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന പേരിൽ ഇന്ത്യ പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിച്ചത്.
‘‘പഹൽഗാമിലെ ആക്രമണത്തിനു സൈന്യം തിരിച്ചടി നൽകി രണ്ടു ദിവസം കഴിഞ്ഞാണ് എന്റെ കുട്ടി ജനിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നും അതിർത്തിയിൽ പോരാടുന്ന സൈനികരോടുള്ള നന്ദി സൂചകവുമായാണ് കുട്ടിക്ക് സിന്ദൂർ എന്ന പേരു നൽകിയത്’’– നേഹ ഗുപ്തയെന്ന യുവതി ദേശീയ മാധ്യമത്തോടു പറഞ്ഞു. 17 കുട്ടികൾക്ക് സിന്ദൂറെന്ന പേരിട്ട വിവരം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ആർ.കെ.ഷാഹി മാധ്യമങ്ങളോടു സ്ഥിരീകരിച്ചു. ഓപ്പറേഷൻ സിന്ദൂർ ത്യാഗത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതിരൂപമാണെന്ന് അദ്ദേഹം പറഞ്ഞു.