ആശങ്കകൾക്ക് വിരാമമിട്ട്, 1972-ൽ സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് അയച്ച കോസ്മോസ് 482 ബഹിരാകാശപേടകത്തിന്റെ ലാൻഡിങ് മൊഡ്യൂൾ അരനൂറ്റാണ്ടിനുശേഷം ഭൂമിയിൽ പതിച്ചു. ശനിയാഴ്ച പ്രാദേശികസമയം രാവിലെ 9.24-നാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിൽ കടന്നതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു. ഇൻഡൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയ്ക്കുസമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തെന്നാണ് ഏജൻസി പറഞ്ഞിരിക്കുന്നത്. അതേസമയം, പേടകം എവിടെയാണ് പതിച്ചത് എന്നതുസംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുന്നസമയത്ത് കാര്യമായൊന്നും സംഭവിച്ചില്ലെങ്കിൽ, ലണ്ടനും തെക്കേ അമേരിക്കയുടെ കേപ് ഹോണിനുമിടയിൽ എവിടെയെങ്കിലും പേടകം പതിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. 1972 മാർച്ച് 31-നായിരുന്നു കോസ്മോസ് 482-ന്റെ വിക്ഷേപണം. സോവിയറ്റ് യൂണിയന്റെ ശുക്രദൗത്യപരമ്പരകളുടെ ഭാഗമായിരുന്നു ഇത്. റോക്കറ്റിനുണ്ടായ തകരാറുകാരണം പലഭാഗങ്ങളും മുൻപുതന്നെ വേർപെട്ട് ഭൂമിയിൽ പതിച്ചിരുന്നു. എന്നാൽ, 500 കിലോഗ്രാമോളം ഭാരവും ഏകദേശം ഒരുമീറ്റർ വ്യാസവുമുള്ള, ഗോളാകൃതിയിലുള്ള ലാൻഡിങ് മൊഡ്യൂൾ 53 വർഷമായി ഭൂമിയെ ചുറ്റുകയായിരുന്നു.