ഷോർട് സർവീസ് കമീഷൻ വഴി സൈന്യത്തിലെത്തിയ വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടരുതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. നിലവിലുള്ള സാഹചര്യത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി ഇവർക്ക് സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നത് ചോദ്യം ചെയ്യുകയും ചെയ്തു. 69 ഉദ്യോഗസ്ഥർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. അടുത്ത വാദം ആ ഗസ്തിൽ കേൾക്കുമെന്നും അതുവരെ അവരെ പിരിച്ചുവിടരുതെന്നും സുപ്രീംകോടതി പറഞ്ഞു.
സുപ്രീം കോടതിയിൽ ചുറ്റിത്തിരിയാൻ അവരോട് ആവശ്യപ്പെടേണ്ട സമയമല്ല ഇത്. അവർ രാജ്യത്തെ സേവിക്കാനുള്ളവരാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവരുടെ മനോവീര്യം തകർക്കരുത്. അവർ മിടുക്കരായ ഉദ്യോഗസ്ഥരാണ്. നിങ്ങൾക്ക് അവരുടെ സേവനം രാജ്യത്തിനായി ഉപയോഗിക്കാം- കോടതി നിരീക്ഷിച്ചു.
സായുധ സേനയെ ചെറുപ്പമായി നിലനിർത്താനുള്ള നയത്തെ അടിസ്ഥാനമാക്കിയുള്ള ഭരണപരമായ തീരുമാനമാണിതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന് യുവ ഓഫീസർമാരെ ആവശ്യമാണെന്നും എല്ലാവർഷവും 250 പേർക്ക് മാത്രമേ സ്ഥിരം കമ്മീഷൻ നൽകുന്നുള്ളൂവെന്നും അവർ അറിയിച്ചു. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിന് സ്റ്റേ അനുവദിക്കരുതെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
2020 ഫെബ്രുവരി 17ലെ സുപ്രീം കോടതി വിധിയിൽ, സൈന്യത്തിലെ സ്റ്റാഫ് നിയമനങ്ങൾ ഒഴികെയുള്ള എല്ലാ തസ്തികകളിൽ നിന്നും സ്ത്രീകളെ പൂർണ്ണമായും ഒഴിവാക്കുന്നത് ന്യായീകരിക്കാനാവാത്തതാണെന്നും യാതൊരു ന്യായീകരണവുമില്ലാതെ കമാൻഡ് നിയമനങ്ങൾക്ക് അവരെ പരിഗണിക്കാത്തത് നിയമപരമായി നിലനിൽക്കില്ലെന്നും നിരീക്ഷിച്ചിരുന്നു. 2020 ലെ വിധിന്യായത്തിനുശേഷം, സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകുന്ന വിഷയത്തിൽ സുപ്രീം കോടതി നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്, നാവികസേന, ഇന്ത്യൻ വ്യോമസേന, തീരസംരക്ഷണ സേന എന്നിവയുടെ കാര്യത്തിലും സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.