ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്‌തയെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ അറിയിച്ചത്. വളരെ വൈകാരികപരമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചത്വരത്തിൽ കൂടിനിന്ന ജനക്കൂട്ടത്തിനുനേർക്ക് കൈവീശിക്കാണിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
വോട്ടവകാശമുള്ള കർദിനാൾമാരിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം (89 വോട്ട്) ലഭിച്ചതോടെയാണ് യുഎസിൽ നിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.