ബ്രിട്ടനിൽ പുതുലമുറയിലെ ആദ്യ മലയാളി വനിതാ കമേഴ്സ്യൽ പൈലറ്റ് എന്ന നേട്ടമാണ് കേംബ്രിജ് സ്വദേശിനിയായ സാന്ദ്ര ജെൻസൺ നേടിയിരിക്കുന്നത്. 21-ാം വയസ്സിൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ സാന്ദ്ര 23 ലേക്ക് എത്തുമ്പോഴേക്കും A320 യിൽ ഉൾപ്പെടെ മുപ്പതിനായിരത്തിൽപ്പരം നോട്ടിക്കൽ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
മിഡിൽ ഈസ്‌റ്റ് ആസ്ഥാനമായുള്ള 'ജസീറ എയർവേയ്‌സിൽ' പൈലറ്റായി സേവനം അനുഷ്‌ഠിക്കുന്ന സാന്ദ്ര ജെൻസൺ എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. രണ്ടാം വയസ്സിൽ യുകെയിലേക്കു മാതാപിതാക്കളുടെ കരംപിടിച്ചു വന്നതാണ് ഈ 'കൊച്ചു പൈലറ്റ്'. ഇന്ന് ഓരോരുത്തരെയും സുരക്ഷിതമായി അവരുടെ ഉദ്ദേശ ലക്ഷ്യത്തിൽ കൊണ്ടെത്തിക്കുവാൻ തന്റെ കരങ്ങൾക്ക് കഴിയുമ്പോൾ വലിയ ചാരിതാർഥ്യം പകരുന്ന അനുഭവം കൂടിയാണ് ഈ പ്രഫഷൻ സാന്ദ്രക്ക് നൽകുന്നത്.
കുടുംബത്തിന്റെ ശക്തമായ പിന്തുണ ഏറ്റവും അനിവാര്യമായ ഒരു ഘടകം ആണ് പൈലറ്റ് പഠനമെന്നാണ് സാന്ദ്രയുടെ അഭിപ്രായം. പ്രത്യേകിച്ച് പഠനത്തിന് വലിയ സാമ്പത്തിക ചെലവും, സ്ത്രീയെന്ന നിലയിലും, ഭാവിയിലെ കുടുംബജീവിത കാഴ്ചപ്പാടിൽ സമൂഹം കാണുന്ന പരിമിതികളും കണക്കാക്കുമ്പോൾ മാതാപിതാക്കളുടെ പിന്തുണ ഏറെ അനിവാര്യമാണ്.
"പൈലറ്റിന്റെ ജോലി വെറും പറക്കൽ മാത്രമല്ല, ഓരോ യാത്രക്കാരനും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഉറപ്പ് നൽകുന്നതാണ്," എന്ന് സാന്ദ്ര പറയുന്നു. "ആകാശം പോലെയാണ് ജീവിതം - അതിന് പരിധിയില്ല. ആഗ്രഹവും പരിശ്രമവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഏതിലും വിജയം ഉറപ്പാണ്'.