പരാജയപ്പെട്ട ഒരു സോവിയറ്റ് ദൗത്യത്തിന്റെ ഭാഗമായിരുന്ന 53 വർഷം പഴക്കമുള്ള ബഹിരാകാശ പേടകം വൈകാതെ ഭൂമിയിൽ പതിച്ചേക്കും. 1972 മാർച്ച് 31-ന് വിക്ഷേപിച്ച 500 കിലോയോളം ഭാരമുള്ള കോസ്മോസ് 482 ഉടൻ ഭൂമിയിൽ പതിക്കുമെന്നാണ് ഡച്ച് സാറ്റലൈറ്റ് ട്രാക്കറായ മാർക്കോ ലാംഗ്ബ്രോക്ക് പറയുന്നത്. മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗത്തിലായിരിക്കും ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുക. ഇത് ഉൽക്കാശില പതിക്കുന്നതിന് സമാനമായ അപകടസാധ്യത ഉയർത്തുന്നുവെന്ന് ട്രാക്കറെ ഉദ്ധരിച്ച് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടുചെയ്തു.
വളരെ വർഷങ്ങൾക്കുമുമ്പ് ശുക്രനിലേക്ക് അയച്ചതാണ് ഈ സോവിയറ്റ് പേടകം. എന്നാൽ സാങ്കേതിക തകരാർമൂലം ഇത് ഭൂമിയെ ചുറ്റുന്ന സ്ഥിരമായ ഭ്രമണപഥത്തിൽ അകപ്പെട്ടു. മെയ് 10 ഓടെ നിയന്ത്രണമില്ലാത്ത പുനഃപ്രവേശത്തിലൂടെ ഇത് ഭൂമിയിലേക്ക് തിരികെ പതിക്കാൻ തുടങ്ങുമെന്നാണ് ട്രാക്കർ പറയുന്നത്. പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശത്തെ കേടുപാടുകൾ കൂടാതെ അതിജീവിക്കാനും, ഭൂമിയിൽ പതിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മിക്ക ബഹിരാകാശ വസ്തുക്കളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ചിതറിപ്പോകുകയാണ് ചെയ്യുന്നത്. എന്നാൽ, ശുക്രനിലെ ഉയർന്ന മർദ്ദം, കഠിനമായ ചൂട് എന്നിവയെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പനചെയ്ത ഈ പേടകം പുനഃപ്രവേശത്തെ അതിജീവിച്ചേക്കാൻ ചെറിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ദൈർഘ്യമേറിയ പുനഃപ്രവേശ പാതയും വസ്തുവിന്റെ പഴക്കവും ഉൾപ്പെടെയുള്ള ഘടകങ്ങൾ ഈ സാധ്യതയെ തള്ളിക്കളയുന്നതാണ്.
പേടകം ഭൂമിയിൽ എവിടെ പതിക്കുമെന്ന കാര്യം ഇപ്പോൾ പറയാറായിട്ടില്ലെന്നാണ് ഡച്ച് സാറ്റലൈറ്റ് ട്രാക്കർ പറയുന്നത്. പേടകം ഏതെങ്കിലും ജലാശയത്തിൽ പതിക്കാനാണ് കൂടുതൽ സാധ്യതയെങ്കിലും, അത് കരയിൽ പതിക്കാനും ചെറിയ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.