പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, കലിംപോംഗ് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരീക്ഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഒഴുകുന്ന നദികളുടെ അടുത്തുള്ള രക്തം കുടിക്കുന്ന കറുത്ത ഈച്ചകളാണ് ഇവ. ഇവ വഹിക്കുന്ന വിരകളാണ് കാഴ്ചയെ ബാധിക്കുന്നത്. പ്രദേശികമായി പിപ്സ്, പൊട്ടു എന്നിങ്ങനെയാണ് ഈ ഈച്ചകളെ അറിയപ്പെടുന്നത്.
ഈ ഈച്ചകൾ മനുഷ്യനിൽ അന്ധതയുണ്ടാക്കുന്ന ഓങ്കോസെർക്ക വോൾവുലസ് എന്നറിയപ്പെടുന്ന വിരകളുടെ വാഹകരാണ്. മനുഷ്യരുടെ രക്തം കുടിക്കുന്ന വഴി ഈ വിരകൾ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നു. അതുകൊണ്ട് തന്നെ ഇവർ മനുഷ്യരുടെ രക്തം കുടിച്ചാൽ അവരുടെ കാഴ്ച പോകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിലെ എട്ട് പ്രദേശങ്ങളിൽ നിന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ കറുത്ത ഈച്ചകളുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ച് ബാർകോഡിംഗ് ചെയ്താണ് ഇത്തരം ഈച്ചകളെ കണ്ടെത്തിയത്. ഇവ 'റിവർ ബ്ലെെൻഡ്നെസ്' എന്ന അണുബാധയ്ക്കാണ് ഇവ കാരണമാകുന്നത്. എന്നാൽ ഈ ഈച്ചകൾ മൂലമുണ്ടാകുന്ന ഒരു രോഗവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
നദികളിൽ പ്രചനനം നടത്തുന്ന പിപ്സ് ഈച്ചകളുടെ കടി ആവർത്തിച്ച് ഏൽക്കുന്നതാണ് അന്ധതയ്ക്ക് കാരണമാകുന്നത്. സിമുലിഡേ കുടുംബത്തിൽപ്പെട്ട ഈ കറുത്ത ഈച്ചകൾ വളരെ ചെറുതാണ്. അതിനാൽ ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. ഇനിയും ഇവയെക്കുറിച്ച് പരീക്ഷണങ്ങൾ നടത്താനുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.