Drisya TV | Malayalam News

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ

 Web Desk    3 May 2025

പാലാ. ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു.  

കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. 
ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.സരീഷ് കുമാർ എം.കെ യുടെ 
നേതൃത്വത്തിൽ  ഡിറൂഫിംഗ് എക്സിഷൻ ആൻഡ് വി.പി ഷൺഡിംഗ് എന്ന ശസ്ത്രക്രിയ നടത്തിയാണ് കുട്ടിയെ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിച്ചത്. 
തലച്ചോറിൽ ഉണ്ടാകുന്ന ദ്രാവകം നിറഞ്ഞ അറകളാണ് അരക്നോയിഡ് സിസ്റ്റുകൾ. സാധാരണ ഗതിയിൽ അപകടകാരികളാവാത്ത ഇത്തരം മുഴകൾ അപസ്മാരം,  രക്തസ്രാവം, വെള്ളം കെട്ടൽ, അബോധാവസ്ഥ എന്നിവക്ക് അപൂർവമായി കാരണമാകാറുണ്ട്. തലവേദന, ഓക്കാനം, ഛർദ്ദി, ക്ഷീണം, ബാലൻസ് തെറ്റിയുള്ള നടത്തം എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ. ഇത്തരം രോഗം ബാധിക്കുന്ന കുട്ടികളിൽ തല വലുതാകാനും മാനസികവും ശാരീരികവുമായ വളർച്ചയിൽ പ്രശ്നങ്ങളുണ്ടാകാനും സാധ്യതകളുണ്ട്. അപൂർവമായ ഈ രോഗം കണ്ടുപിടിച്ചാൽ എല്ലാവർക്കും ശസ്ത്രക്രിയ ആവശ്യമില്ല. തുടർച്ചയായി അപസ്മാരം ഉണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്ത് ആറു വയസ്സുകാരന്റെ  ആരോഗ്യ സ്ഥിതി കൂടുതൽ ഗുരുതരമായതോടെയാണ് അതിസൂക്ഷ്മവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നിശ്ചയിച്ചത്.ഡോ.സരീഷ് കുമാർ എം.കെയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മണിക്കൂറുകൾ നീണ്ട സൂക്ഷ്മ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ രോഗം ഭേദപ്പെടുത്തിയത്. അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ബേസിൽ പോൾ മനയാലിൽ പീ‍ഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗം കൺസൾട്ടന്റ് ഡോ.ജോസ് കുര്യൻ ജേക്കബ്, അസോ.കൺസൾട്ടന്റ് ഡോ.സഫലിയ നാസർ എന്നിവരും ചികിത്സയുടെ ഭാഗമായി.സുഖം പ്രാപിച്ച കുട്ടി വീട്ടിലേക്ക് മടങ്ങി.

  • Share This Article
Drisya TV | Malayalam News