Drisya TV | Malayalam News

പാര്‍ക്കിങ് ലിഫ്റ്റ് തകര്‍ന്ന് ലിഫ്റ്റും മറ്റൊരു കാറും നെക്‌സോണിന് മുകളില്‍, ടാറ്റാ വേറെ ലെവൽ 

 Web Desk    1 May 2025

ഇന്ത്യൻ നിർമിത വാഹനങ്ങളിൽ ക്രാഷ്ടെസ്റ്റിനെ ഫൈവ് സ്റ്റാർ റേറ്റിങ്ങോടെ അതിജീവിച്ച ആദ്യ വാഹനമായിരുന്നു ടാറ്റയുടെ നെക്സോൺ എന്ന കോംപാക്ട് എസ്യുവി. പിന്നീട് പല സഹചര്യങ്ങളിലും ഈ വാഹനം സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്. പല കാലങ്ങളിൽ പല മാറ്റങ്ങളുമായി നെക്സോൺ എസ്യുവി എത്തിയിട്ടുണ്ടെങ്കിലും സുരക്ഷയിൽ മാത്രം യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. നെക്സോണിന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ച ഒരു സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

മൾട്ടി ലെവൽ പാർക്കിങ്ങിൽ നിർത്തിയിരിക്കുന്ന ഒരു വാഹനത്തിന് മുകളിലേക്ക് ലിഫ്റ്റ് തകർന്ന് മറ്റൊരു കാർ ഉൾപ്പെടെ വീണാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, ഇങ്ങനെയുള്ള ഒരു സാഹചര്യത്തെയാണ് നെക്സോൺ എന്ന കരുത്തൻ എസ്യുവി പുല്ലുപോലെ അതിജീവിച്ചിരിക്കുന്നത്. പാർക്ക് ലിഫ്റ്റ് തകർന്ന് വാഹനത്തിന് മുകളിൽ വീണതിന് ശേഷമുള്ള ചിത്രം ഉൾപ്പെടെ പങ്കുവെച്ചാണ് വാഹന ഉടമയായ ശൈല്യ ജഗ്ഗി ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ, ഒരു മൾട്ടി ലെവൽ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്തതിന് ശേഷം വ്യക്തിപരമായ കാര്യങ്ങൾക്കായി പോയതായിരുന്നു ശൈല്യ ജഗ്ഗി. എന്നാൽ, അൽപ്പ സമയത്തിന് ശേഷം പാർക്കിങ്ങിലെ സെക്യൂരിറ്റി അവരെ വിളിക്കുകയും പാർക്കിങ്ങിലെ ലിഫ്റ്റ് തകർന്നെന്നും അറിയിക്കുകയായിരുന്നു. തകർന്ന ലിഫ്റ്റും അതിന് മുകളിൽ ഉണ്ടായിരുന്ന കാറും കൂടി നിങ്ങളുടെ കാറിന് മുകളിലാണ് വീണതെന്നും പറഞ്ഞതോടെ ജഗ്ഗി സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

നിർത്തിയിട്ടിരിക്കുന്ന തന്റെ കാറിന് മുകളിൽ ലിഫ്റ്റും അതിൽ നിർത്തിയിരുന്ന മറ്റൊരു കാറും കൂടി വീണ് കിടക്കുന്നതാണ് ജഗ്ഗി അവിടെയെത്തിയപ്പോൾ കാണുന്നത്. ഓടിയെത്തി തന്റെ നെക്സോൺ പരിശോധിച്ചപ്പോഴാണ് ആശ്വാസമായത്. വളരെ നിസാരമായ കേടുപാടുകൾ മാത്രമാണ് തന്റെ വാഹനത്തിന് സംഭവിച്ചിരിക്കുന്നത്. ഇതിനുശേഷമാണ് വാഹനത്തിന്റെ ചിത്രങ്ങളും മറ്റും എടുത്തത്. പിന്നീടാണ് തനിക്ക് ഉണ്ടായ അനുഭവം അവർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

ശൈല്യ ജഗ്ഗി തന്റെ പ്രിയപ്പെട്ട നെക്സോൺ എസ്യുവിയെ സുസി എന്നാണ് വിശേഷിപ്പിക്കുന്നത്. ഞാൻ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ നിന്ന് മനസിലാകും എന്റെ വാഹനത്തിന് മുകളിലാണ് ലിഫ്റ്റിന്റെയും അതിന് മുകളിലെ കാറിന്റെയും മുഴുവൻ ഭാരവുമുള്ളത്. ഇത്രയും ഭാരം മുകളിലുണ്ടായിട്ടും ഒരു ചാംപ്യനെ പോലെയാണ് എന്റെ കാർ ഉയർന്ന് നിൽക്കുന്നത്. ഇത്രയും വിലയ അപകടമുണ്ടായിട്ടും ചെറിയ മുറിവുകൾ മാത്രമാണ് എന്റെ സൂസിക്ക് ഉണ്ടായിട്ടുള്ളതെന്നുമാണ് ശൈല്യ ജഗ്ഗി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

  • Share This Article
Drisya TV | Malayalam News