Drisya TV | Malayalam News

ജറുസലേമില്‍ വന്‍ കാട്ടുതീ, അന്താരാഷ്ട്ര സഹായംതേടി ഇസ്രയേല്‍

 Web Desk    1 May 2025

ജറുസലേമിൻ്റെ പ്രാന്ത പ്രദേശങ്ങളിൽ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാൻ അന്താരാഷ്ട്ര സഹായം തേടി ഇസ്രയേൽ. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിച്ചിട്ടുണ്ട്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്‌മരിക്കുന്ന ദിവസമാണ് ഈ വൻ അഗ്നിബാധ ഉണ്ടായത്.

ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കർ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കൽ ദുഷ്കരമാക്കുന്നത്.160 ലേറെ അഗ്നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനങ്ങൾ കൂടാതെ ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാനുള്ള ഉദ്യമത്തിൽ പങ്കെടുക്കുന്നുണ്ടെന്നും രാജ്യത്തെ സൈന്യവും തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്നുണ്ടെന്നും ഇസ്രയേലി അധികൃതർ അറിയിച്ചു. ദേശീയ പാതകൾ ഉൾപ്പടെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടുണ്ട്.

കാട്ടുതീ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ഇസ്രയേലിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇതെന്നാണ് വിവരം.

  • Share This Article
Drisya TV | Malayalam News