പവർബാങ്കിനെ പോലും ഞെട്ടിക്കുന്ന തരത്തിൽ വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് iQOO.കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയ iQOO Z9 5G യുടെ പിൻഗാമിയായിട്ടാണ് പുതിയ Z10 വിപണിയിൽ എത്തുന്നത്. 7,300 mAh ബാറ്ററിക്കൊപ്പം 90W ഫാസ്റ്റ് ചാർജിങും കമ്പനി വാഗ്ദാനം ചെയ്യുന്നു.ഏപ്രിൽ 11 നാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുക.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 5 ലാണ് ഫോൺ പ്രവർത്തിക്കുക.സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 SoC ചിപ്പ് ആണ് പുതിയ ഫോണിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ 1.5K റെസല്യൂഷനുള്ള OLED ഡിസ്‌പ്ലേയും ഫോണിന്റെ പ്രത്യേകതയാണ്. 2400*1080 റെസല്യൂഷനും 120h റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED സ്‌ക്രീനായിരിക്കും ഫോണിന് നൽകുക.
50 മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ്882 മെയിൻ സെൻസറും ഒഐഎസും ഉള്ള കാമറയായിരിക്കും ഫോണിന് ഉണ്ടാവുക. 2 എംപി ഓക്‌സിലറി സെൻസറും ഫോണിന് ഉണ്ടാവും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ഐആർ ബ്ലാസ്റ്റർ, വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളുള്ള ബോക്‌സി ഡിസൈൻ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്.
അതേസമയം മുപ്പതിനായിരം രൂപയിൽ താഴേയായിരിക്കും ഫോണിന്റെ വിലയെന്നും റിപ്പോർട്ട് ഉണ്ട്. ബേസ്‌മോഡലിന് 25,000 രൂപയിൽ താഴെയും ഹൈഇൻഡ് മോഡലിന് 30,000 രൂപ വരെയുമായിരിക്കും വിലയുണ്ടാവുക.