Drisya TV | Malayalam News

ആലപ്പുഴ ജില്ലയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു

 Web Desk    25 Mar 2025

രണ്ടാഴ്‌ചയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 22 വയസ്സുകാരിക്കാണ് ചെള്ളുപനി സ്‌ഥിരീകരിച്ചത്. കുടുംബത്തിനൊപ്പം മൂന്നാറിൽ യാത്ര പോയി തിരിച്ചെത്തിയ യുവതിക്കു കടുത്ത പനി ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെള്ളുപനി സ്‌ഥിരീകരിച്ചത്. രണ്ടാഴ്‌ചയായി ഐസിയുവിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചുപ്പെടുകയാണെന്ന്അധികൃതർ അറിയിച്ചു.

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളിലാണ് രോഗാണു കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ ചെള്ളു (മൈറ്റു) കളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.

ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണാറ്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാൽ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

  • Share This Article
Drisya TV | Malayalam News