ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിന്റെ റെസിപ്റ്റ് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഒ അബ്ദുള്ള രംഗത്തെത്തിയത്.
ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തതെങ്കിൽ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അത് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്'- ഖുറാൻ സൂക്തങ്ങൾ ഉദ്ധരിച്ച് അബ്ദുള്ള പറഞ്ഞു.
ഇക്കാര്യത്തിൽ മമ്മൂട്ടിയുടെ വിശദീകരണം ആവശ്യമാണെന്നും മുസ്ലീം മതപണ്ഡിതന്മാർ ഈ വിഷയത്തിൽ ഇടപെടണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു. എന്നാൽ അബ്ദുള്ളയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുസ്ലീം സമുദായത്തിന്റെ ഒസിയത്ത് നിങ്ങൾക്ക് ആരാണ് എഴുതിത്തന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ഇത്തരം നീർക്കോലികളുടെ പ്രസ്താവന അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും ഇതൊരു സുവർണ അവസരമായി ആരും കാണരുതെന്നും ഒരു ഉപയോക്താവ് കുറിച്ചു.