Drisya TV | Malayalam News

സ്‌പെക്ട്രം ഉപയോഗ നിരക്കുകള്‍ ഒഴിവാക്കാന്‍ കേന്ദ്രം; ടെലികോം കമ്പനികള്‍ക്ക് ആശ്വാസം

 Web Desk    25 Mar 2025

2021 സെപ്തംബറിന് മുമ്പ് ലേലത്തില്‍ നല്‍കിയ സ്‌പെക്ട്രത്തിന് എയര്‍വേവ് യൂസേജ് ചാര്‍ജ്‌ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം നിരവധി ടെലികോം കമ്പനികള്‍ക്ക് ആശ്വാസമാകും. ടെലികോം രംഗം ആഗോള കമ്പനികളില്‍ നിന്ന് കടുത്ത മല്‍സരം നേരിടാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ചാര്‍ജുകള്‍ ഒഴിവാകുന്നതോടെ 5ജി വ്യാപനത്തിനായി കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനികള്‍ക്ക് കഴിയും. സ്‌പെക്ട്രത്തിലെ ആശയ വിനിമയത്തിനുള്ള റേഡിയോ ഫ്രീക്വന്‍സിയാണ് എയര്‍വേവുകള്‍ എന്നറിയപ്പെടുന്നത്.

രാജ്യത്തെ ടെലികോം കമ്പനികളുടെ സാമ്പത്തിക പ്രശ്നങ്ങളാണ് ഇത്തരമൊരു ഇളവിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സ്‌പെക്ട്രം ലേലത്തില്‍ മെച്ചപ്പെട്ട നിരക്കുകള്‍ സര്‍ക്കാരിന് ലഭിച്ചതായും കൂടുതല്‍ യൂസേജ് ചാര്‍ജ് ചുമത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2022 ജൂണിലും സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. 2021 സെപ്തംബര്‍ 15 ന് ശേഷം നല്‍കിയ സ്‌പെക്ട്രത്തിന് യൂസേജ് ചാര്‍ജുകള്‍ ഒഴിവാക്കാനാണ് അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ എയര്‍വേവുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനാരിക്കെ കടുത്ത മല്‍സരമാണ് ടെലികോം മേഖലയെ കാത്തിരിക്കുന്നത്. വൊഡാഫോണ്‍ കമ്പനി 2012 മുതലുള്ള സ്‌പെക്ട്രത്തിന്റെ നിരക്കുകള്‍ കുടിശിക വരുത്തിയിരിക്കുകയാണ്.

ഈ പണം അടക്കുന്നതിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഇത് സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റണമെന്നും കമ്പനി നേരത്തെ കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കമ്പനിയില്‍ 22.6 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിനുണ്ട്. കമ്പനിയുടെ കുടിശിക സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഓഹരി പങ്കാളിത്തം 49 ശതമാനമായി ഉയരും.

വോഡാഫോണ്‍, എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ ആശ്വാസമാകുക. വൊഡാഫോണിന് മാത്രം ഇതുവഴി 8,000 കോടി രൂപയുടെ ആശ്വാസം ലഭിക്കും. 2 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് നിലവില്‍ വൊഡാഫോണിനുള്ളത്. കമ്പനികളുടെ ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തിന്റെ നാല് ശതമാനം വരെയാണ് നിലവില്‍ യൂസേജ് ചാര്‍ജ് ഈടാക്കുന്നത്. എട്ടു ശതമാനം ലൈസന്‍സ് ഫീസിന് പുറമെയാണിത്.

  • Share This Article
Drisya TV | Malayalam News