പാലക്കാട് മലമ്പുഴ ഡാമിനടുത്ത് നടത്തിയ ഉദ്ഖനനത്തിൽ വൻതോതിൽ മഹാശിലാ (മെഗാലിത്തിക് ) നിർമിതികൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ശിലാ നിർമിതികളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 45 ഹെക്ടർ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന 110-ലേറെ മഹാശിലാ നിർമിതികളാണ് കണ്ടെത്തിയത്.
മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലുള്ള കുന്നുകളിലാണ് ശിലാ നിർമിതികൾ കണ്ടെത്തിയത്. ഭീമൻ ഗ്രാനൈറ്റ് ഫലകങ്ങളും പാറക്കല്ലുകളും ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. ചിലത് ലാറ്ററൈറ്റ് കല്ലുകൾ കൊണ്ടാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു.
പ്രാചീന കല്ലറ വിഭാഗത്തിൽ പെട്ടവയാണ് ഇവ. കേരളത്തിലെ ആദ്യകാല ഇരുമ്പുയുഗ സമൂഹത്തെയും അവരുടെ വിശ്വാസ വ്യവസ്ഥയെയും കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചകൾ നൽകാൻ ഈ കണ്ടെത്തലിന് സാധിക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു.