Drisya TV | Malayalam News

ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനെ കൊച്ചി മെട്രോയുമായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വ്വീസ് ബുധനാഴ്ച ആരംഭിക്കും

 Web Desk    23 Mar 2025

ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനെ കൊച്ചി മെട്രോയുമായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വ്വീസ് ബുധനാഴ്ച ആരംഭിക്കും. ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച് ഫാര്‍മസി ജംഗ്ഷന്‍ വഴി എംജി റോഡ്, മഹാരാജാസ്, ജനറല്‍ ഹോസ്പിറ്റല്‍ വഴി ഹൈക്കോടതിയിലേക്ക് എത്തുന്ന വിധത്തിലാണ് സർക്കുലർ സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. 

രാവിലെ 7.45 മുതൽ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സർവ്വീസ് ഉണ്ടാകും. മൂന്ന് ബസുകളാണ് സര്‍വീസ് നടത്തുക. അഞ്ച് കിലോമീറ്ററിന് 20 രൂപയാണ് നിരക്ക്. ഹൈക്കോർട്ട്, എം ജി റോഡ്, മഹാരാജാസ് മെട്രോ സ്റ്റേഷനുകൾ, ജനറൽ ഹോസ്പിറ്റൽ, ജട്ടി, മേനക എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.

62 ദിവസം മുമ്പ് വിവിധ റൂട്ടുകളിലായി ആരംഭിച്ച ഇലക്ടിക് ബസ് സര്‍വീസുകളില്‍ ഇതേവരെ ഒന്നര ലക്ഷത്തോളം പേര്‍ യാത്രചെയ്തു. ആലുവ- സിയാല്‍ എയര്‍പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളജ്, കളമശേരി-കുസാറ്റ്, കളമശേരി- ഇന്‍ഫോപാര്‍ക്ക്, കാക്കനാട് വാട്ടര്‍ മെട്രോ- ഇന്‍ഫോപാര്‍ക്ക്, കാക്കനാട് വാട്ടര്‍ മെട്രോ-സിവില്‍ സ്റ്റേഷന്‍ എന്നീ റൂട്ടുകളിലായി ഒമ്പത് ബസുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. 

വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസും സർവീസ് ആരംഭിച്ചിരുന്നു. മൂന്ന് ബസുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുക. കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും. രാവിലെ 7, 7.20, 7.50 എന്നീ സമയങ്ങളിൽ കളമശേരിയിൽ നിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവീസ് ഉണ്ടാകും. അതുപോലെ വൈകിട്ട്, തിരിച്ച് 7.15 ന് ഇൻഫോപാർക്കിൽ നിന്നുള്ള ബസ് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശേരിക്കും ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ-കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വീസ്.

  • Share This Article
Drisya TV | Malayalam News