Drisya TV | Malayalam News

വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

 Web Desk    22 Mar 2025

മലപ്പുറം അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. 

2019 ആഗസ്റ്റ് എട്ടിന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്ഥാപനം പൂര്‍ണ്ണമായും മുങ്ങിപ്പോയ സാഹചര്യത്തിലാണ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. നാല് കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപക്കാണ് സാഥാപനം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്ഥാപനത്തിലെ മുഴുവന്‍ സാധനങ്ങളും ഉപയോഗശൂന്യമാവുകയും വ്യാപാര സംബന്ധമായ എല്ലാ രേഖകളും പൂര്‍ണ്ണമായും നശിച്ചുപോവുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ വന്ന നാശനഷ്ടങ്ങളെല്ലാം യഥാസമയം ബാങ്ക്, ഇന്‍ഷുറന്‍സ്, റവന്യൂ അധികാരികളെ അറിയിച്ചിരുന്നു. 

ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വ്വേയര്‍ പരിശോധന നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ലെന്നാണ് പരാതി. എല്ലാ രേഖകളും ഹാജരാക്കിയില്ല എന്ന കാരണം പറഞ്ഞാണ് നഷ്ടപരിഹാരത്തുക നിഷേധിച്ചത്. തുടര്‍ന്ന് പരാതിക്കാരന്‍ ഇന്‍ഷൂറന്‍സ് സര്‍വ്വേയറെ ഹൈദരാബാദില്‍ നേരില്‍ സന്ദര്‍ശിച്ച് രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിന്റെ കാരണം ബോധ്യപ്പെടുത്തി. മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കമ്പനി വീണ്ടും ആവശ്യപ്പെട്ടു. 1,83,07,917 രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്. തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് കാണിച്ച് ഉടമ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.

നഷ്ടപരിഹാരം കണക്കാക്കിയതിനു സ്വീകരിച്ച മാനദണ്ഡം ശരിയല്ലെന്ന് കണ്ടെത്തിയാണ് കമ്മീഷന്റെ വിധി. നഷ്ടപ്പെട്ട വസ്തുക്കളുടെ വില 3,79,62,291 രൂപയായി അംഗീകരിച്ച സര്‍വ്വേയര്‍ വസ്തുവിന്റെ മാര്‍ക്കറ്റ് വില ഏകപക്ഷീയമായി 2,75,04,572 രൂപയായി കുറച്ച് നഷ്ടപരിഹാരം കണക്കാക്കിയ നടപടിക്ക് ന്യായീകരണമില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട് അനുചിതമാണെന്നും രേഖകള്‍ കിട്ടിയില്ലെന്ന കാരണം പറഞ്ഞ് പതിനെട്ട് മാസക്കാലം ഇന്‍ഷുറന്‍സ് സര്‍വ്വേ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാതിരുന്നത് ഇന്‍ഷുറന്‍സ് റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കമ്മീഷന്‍ കണ്ടെത്തി. ഏതു സാഹചര്യത്തിലും ആറുമാസത്തിനകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍ ബാധ്യസ്ഥനാണെന്നും കമ്മീഷന്‍ വിധിച്ചു. 

നഷ്ടപരിഹാരസംഖ്യ അമ്പത് ലക്ഷത്തില്‍ കൂടുതലായതിനാല്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ ഈ പരാതി പരിഗണിക്കാന്‍ പാടില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദവും കമ്മിഷന്‍ അംഗീകരിച്ചില്ല. നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന സംഖ്യ ഉപഭോക്തൃ കമ്മിഷന്റെ അധികാരപരിധി നിര്‍ണ്ണയിക്കുന്ന ഘടകമല്ലെന്നും സാധനത്തിന്റെയോ സേവനത്തിന്റെയോ വിലയോ പ്രതിഫലമോ മാത്രമാണ് അധികാരപരിധി നിശ്ചയിക്കുന്നതെന്നും ദേശീയ ഉപഭോക്തൃ കമ്മീഷന്റെ 2023 ലെ ഒമാക്സ് ലിമിറ്റഡ് വേഴ്‌സസ് സന്ധ്യാസിംഗ് കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ വ്യക്തമാക്കി.  

ശരിയായ നഷ്ടപരിഹാരം യഥാസമയം നല്‍കാതെ പരാതിക്കാരന് ബുദ്ധിമുട്ടുണ്ടാകാന്‍ ഇടവന്നതിനാല്‍ നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയും കോടതി ചെലവായി 50,000/ രൂപയും ഉള്‍പ്പെടെ ഒരു കോടി നാല്‍പത്തിയെട്ട് ലക്ഷത്തി അമ്പതിനായിരത്തി തൊണ്ണൂറ്റിയാറ് രൂപ ഒരു മാസത്തിനകം നല്‍കാന്‍ കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വീഴ്ചവന്നാല്‍ ഹർജി നല്‍കിയ തീയതി മുതല്‍ 12 ശതമാനം പലിശ നല്‍കുന്നതിനും ഉത്തരവായി. ബജാജ് അലൈന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് വിധി നടപ്പിലാക്കേണ്ടത്.

  • Share This Article
Drisya TV | Malayalam News