M5ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ചോദ്യപേപ്പറിൽ ഗുരുതരമായ അക്ഷരത്തെറ്റുകളുണ്ടെന്ന മാതൃഭൂമി ഡോട്ട് കോം വാർത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ചോദ്യപേപ്പർ നിർമ്മാണം രഹസ്യാത്മകമായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് നിർവഹിക്കപ്പെടുന്നത്. ഇതിൽ ഏതു ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായത് എന്ന് കണ്ടെത്തും. വിദ്യാർഥികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് വേണ്ട തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. 2025-ലെ ഹയർസെക്കൻഡറി മലയാളം പാർട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. ഒറ്റപ്പേപ്പറിൽ മാത്രം ഒരു ഡസനിലേറെ അക്ഷരത്തെറ്റുകളാണ് വന്നിരിക്കുന്നത്.
'താമസ'ത്തെ 'താസമം' എന്നും 'നീലകണ്ഠശൈല'ത്തെ 'നീലകണുശൈല'മെന്നും 'കാതോർക്കും' എന്ന പദത്തെ 'കാരോർക്കു'മെന്നും 'വലിപ്പത്തിൽ' എന്ന വാക്കിനെ 'വലിപ്പിത്തി'ലെന്നും 'ഉൽക്കണ്ഠകളെ' 'ഉൽക്കണങ്ങളെ'ന്നും 'ആധി'യെ 'ആധിയ'മെന്നുമാണ് ചോദ്യക്കടലാസിൽ കൊടുത്തിരിക്കുന്നത് തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ചോദ്യക്കടലാസ് നിർമാണത്തിൽ ഉണ്ടായിരിക്കുന്നത്.