മുന്നറിയിപ്പുകൾ എത്ര നൽകിയിട്ടും തട്ടിപ്പുകാർ ഒരുക്കുന്ന ചതിക്കുഴിയിൽ വീഴുന്നവർ ഇപ്പോഴുമുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു റെഡിറ്റ് ഉപയോക്താവ്.
വാട്ട്സാപ്പിലൊരുക്കിയ ചതികുഴിയിലൂടെ 1.2 ലക്ഷമാണ് യുവാവിന് നഷ്ടമായത്.പ്രമുഖ കമ്പനിയുടെ എച്ച്.ആർ റെപ്രസന്റേറ്റീവ് എന്നുകാട്ടിയാണ് തട്ടിപ്പുകാർ തന്നെ സമീപിച്ചതെന്ന യുവാവ് റെഡിറ്റ് കുറിപ്പിൽ പറയുന്നു. ആയാസരഹിതമായ ജോലിയിലൂടെ പ്രതിമാസം 4.4 ലക്ഷം വരെ സമ്പാദിക്കാമെന്ന് ഇയാൾക്ക് തട്ടിപ്പുകാർ വാഗ്ദാനം നൽകി. വർക്ക് ഫ്രം ഹോം രീതി പിന്തുടരാനാണ് യുവാവിനോട് നിർദേശിച്ചത്. തുടർന്ന് യുവാവ് ജോലിയിൽ പ്രവേശിച്ചു. ഓരോ ദിവസം കഴിയുന്തോറും തന്റെ അക്കൗണ്ടിലുള്ള സമ്പാദ്യം കൂടിവരുന്നതാണ് പിന്നീട് യുവാവ് കണ്ടത്. ഇതോടെ കമ്പനിയെ പൂർണമായി വിശ്വസിച്ചു. എന്നാൽ, വൈകാതെ കാര്യങ്ങൾ തകിടം മറിഞ്ഞു.
അക്കൗണ്ടിലുള്ള പണം കുറഞ്ഞുവരികയാണെന്നും അങ്ങോട്ടേക്ക് പണം നൽകണമെന്നും ജോലി തീർത്താൽ ഉടൻ പണം തിരികെ നൽകാമെന്നും തട്ടിപ്പുകാർ യുവാവിനെ പറഞ്ഞുവിശ്വസിപ്പിച്ചു. ഇതുപ്രകാരം പലപ്പോഴായി പണം നൽകിയപ്പോഴാണ് താൻ തട്ടിപ്പിനിരയാവുകയായിരുന്നുവെന്ന് യുവാവ് മനസിലാക്കിയത്. എന്നാൽ, തട്ടിപ്പാണെന്ന സൂചന നൽകുന്ന പല ഘടകങ്ങളുണ്ടായിട്ടും താൻ തട്ടിപ്പിൽ വീണുപോവുകയായിരുന്നുവെന്ന് റെഡിറ്റിൽ പങ്കുവെച്ച അനുഭവക്കുറിപ്പിൽ യുവാവ് പറയുന്നു.