Drisya TV | Malayalam News

പത്തു ദിവസം അനങ്ങാതെ കിടക്കണം,പ്രതിഫലം 5000 യൂറോ (ഏകദേശം 4.73 ലക്ഷം രൂപ)

 Web Desk    16 Mar 2025

ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളിൽ പങ്കെടുക്കാനെത്തിയവർക്ക് 5000 യൂറോ (ഏകദേശം 4.73 ലക്ഷം രൂപ) പ്രതിഫലം നൽകി ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യൻ സ്പേസ് ഏജൻസി (European Space Agency-ESA). പഠനത്തിൽ പങ്കെടുക്കാൻ പത്തുദിവസത്തേക്ക് അനങ്ങാതെ കിടക്കണമെന്നുമാത്രം. സാധാരണകിടക്കയിലെ സുഖകരമായ കിടപ്പാണെന്നു കരുതരുത്. ബാത്ടബ് പോലെ സജ്ജമാക്കിയ കട്ടിലിൽ ജലം നിറച്ച് അതിനുമുകളിൽ നനവിനെ പ്രതിരോധിക്കുന്ന തുണി വിരിച്ച് തയ്യാറാക്കിയ കിടക്കയിലാണ് കിടക്കേണ്ടത്. ബഹിരാകാശയാത്രയിൽ ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ ഉൾപ്പെടെയുള്ളവയെ കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾക്കാണ് വ്യക്തികളെ പ്രതിഫലം നൽകി പരീക്ഷണത്തിന് വിധേയമാക്കുന്നത്.

ഫ്രാൻസിലെ ടൂലൂസിലുള്ള മീഡ്സ് സ്പേസ് ക്ലിനിക്കിലാണ് (Medes Space Clinic)പഠനം നടക്കുന്നത്. ബഹിരാകാശശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ നടക്കുന്ന സ്ഥാപനമാണ് മീഡ്സ് സ്പേസ് ക്ലിനിക്ക്. വിവാൾഡി (Vivaldi) എന്ന് പേര് നൽകിയിരിക്കുന്ന ഈ ഗവേഷണത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടമാണിപ്പോൾ നടന്നുവരുന്നത്. പത്ത് വോളണ്ടിയർമാരാണ് പഠനത്തിൽ പങ്കെടുക്കുന്നത്. വെള്ളത്തിനുമുകളിൽ കൈകളും തലയും അൽപം ഉയർന്ന് മറ്റുസഹായങ്ങളില്ലാതെ പൊങ്ങിക്കിടക്കുന്നതിലൂടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് പരീക്ഷണത്തിലേർപ്പെടുന്ന വോളണ്ടിയർമാർക്ക് അനുഭവിക്കാൻ കഴിയുന്നത്.

പ്രാഥമികാവശ്യങ്ങൾക്കായുള്ള ഇടവേളകളിൽ വോളണ്ടിയർമാരെ താൽക്കാലികമായി ഒരു ട്രോളിയിലേക്ക് മാറ്റും. കിടക്കുന്ന വിധത്തിലുള്ള ശാരീരികനിലയിൽ വ്യതിയാനം വരാതെയിരിക്കാനാണ് ട്രോളിയിലേക്ക് മാറ്റുന്നത്. ഭക്ഷണം കഴിക്കുന്നതിനായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ബോർഡും തലയുയർത്തിവെക്കാൻ നെക്ക് പില്ലോയും നൽകും. പരീക്ഷണത്തിൽ കഴിയുന്നവർ അധികസമയവും ഒറ്റയ്ക്ക് കഴിയേണ്ട സാഹചര്യമുള്ളതിനാൽ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നതിന് മൊബൈൽ ഫോൺ കയ്യിൽ സൂക്ഷിക്കാൻ അനുമതിയുണ്ട്.

ഈ പഠനം കൂടാതെ തലയുടെ ഭാഗം താഴേക്ക് വരുന്ന വിധത്തിൽ (കാലിന്റെ ഭാഗം ഉയർത്തി) കിടന്നുള്ള പഠനവും സമാന്തരമായി പത്തുപേരിൽ നടത്തിവരുന്നുണ്ട്. വിവാൾഡി III നായി 20നും 40നും ഇടയിൽ പ്രായമുള്ള യോഗ്യരായ വോളണ്ടിയർമാരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ കൊല്ലമാണ് ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയിൽ ഉയരമുള്ളവരും 20നും 26നും ഇടയിൽ ശരീരഭാരസൂചിക (Body Mass Index- BMI)യുള്ളവരും അലർജിയോ ഭക്ഷണനിയന്ത്രണങ്ങളോ ഇല്ലാത്തവരെയാണ് പഠനത്തിനായി പരിഗണിച്ചത്.

  • Share This Article
Drisya TV | Malayalam News