ഹാർവാർഡിലും സ്‌മിത്ത്‌സോണിയൻ സെന്റർ ഫോർ ആസ്‌ട്രോഫിസിക്‌സിലും ഏറെ നാൾ ജോലി ചെയ്തിരുന്ന ആസ്ട്രോഫിസിസ്റ്റും എയറോസ്‌പേസ് എഞ്ചിനീയറുമായ ഡോ.വില്ലി സൂൺ ആണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ടക്കർ കാൾസൺ പോഡ്‌കാസ്റ്റിലൂടെയാണ് പ്രശസ്ത ശാസ്ത്രജ്ഞൻ തന്റെ ഫോർമുല അവതരിപ്പിച്ചത്. ദൈവത്തിന്റെ സാന്നിദ്ധ്യത്തിന് ഈ ഫോർമുല സുപ്രധാന തെളിവുകൾ നൽകുന്നുവെന്നാണ് വില്ലി സൂൺ വാദിക്കുന്നത്.
സൂക്ഷ്മ ട്യൂണിംഗ് വാദം" (ഫൈൻ ട്യൂണിംഗ് ആർഗ്യുമെന്റ്) ആണ് വില്ലിയുടെ സിദ്ധാന്തത്തിന്റെ കാതൽ. പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങൾ ജീവൻ നിലനിർത്താൻ വളരെ കൃത്യമായി നിർണയിച്ചിരിക്കുന്നതിനാൽ അത് യാദൃശ്ചികമായി സംഭവിച്ചതാകില്ലെന്നാണ് സിദ്ധാന്തം വ്യക്തമാക്കുന്നത്.
ആദ്യമായി ഈ ഫോർമുല മുന്നോട്ടുവച്ചത് കേംബ്രിഡ്‌ജ് ഗണിതശാസ്ത്രജ്ഞനായ പോൾ ഡിറാക് ആണ്. ചില കോസ്മിക് കോൺസ്റ്റന്റുകൾ അതിശയിപ്പിക്കുന്ന കൃത്യതയോടെ എങ്ങനെ യോജിക്കുന്നുവെന്നാണ് ഫോർമുല ചൂണ്ടിക്കാട്ടുന്നത്. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയ ഒരു പ്രതിഭാസമാണിത്.
'അടിസ്ഥാന ഭൗതിക നിയമങ്ങൾ മഹത്തായ സൗന്ദര്യത്തിന്റെയും ശക്തിയുടെയും ഗണിതശാസ്ത്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിവരിച്ചിരിക്കുന്നു എന്നതാണ് പ്രകൃതിയുടെ അടിസ്ഥാന സവിശേഷതകളിൽ ഒന്ന്. അത് മനസിലാക്കാൻ ഉയർന്ന നിലവാരമുള്ള ഗണിതശാസ്ത്രം ആവശ്യമാണ്. പ്രകൃതി എന്തുകൊണ്ടാണ് ഈ രീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ചിന്തിക്കാം? നമ്മുടെ ഇപ്പോഴത്തെ അറിവ് പ്രകാരം പ്രകൃതി അത്തരത്തിൽ നിർമ്മിതമാണെന്ന് മാത്രമേ ഉത്തരം നൽകാൻ കഴിയൂ. ദൈവം മഹാനായ ഒരു ഗണിതശാസ്ത്രജ്ഞനാണ്. പ്രപഞ്ചം നിർമ്മിക്കുന്നതിൽ അദ്ദേഹം വളരെ നൂതനമായ ഗണിതശാസ്ത്രമാണ് ഉപയോഗിച്ചത്.'- എന്നാണ് ഡിറാക് 1963ൽ എഴുതിയത്.
ദൈവ സാന്നിദ്ധ്യം വിശദീകരിക്കാൻ ഡിറാകിന്റെ സിദ്ധാന്തമാണ് ഡോ.വില്ലി ഉപയോഗിച്ചത്. 'നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കാൻ നമ്മെ അനുവദിക്കുന്ന നിത്യശക്തികൾക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ദൈവം നമുക്ക് ഈ വെളിച്ചം നൽകിയിരിക്കുന്നത്, വെളിച്ചത്തെ പിന്തുടരാനും നമുക്ക് കഴിയുന്നത്ര മികച്ചത് ചെയ്യാനും വേണ്ടിയാണ്. നമ്മുടെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സമവാക്യങ്ങൾ തന്നെ ഒരു ദിവ്യ സ്രഷ്ടാവിന്റെ വിരലടയാളങ്ങളാകാം'- ഡോ. വില്ലി പറഞ്ഞു.