കടുത്ത മത്സരം നേരിടേണ്ടിവരുന്ന ചൈനീസ് വിപണിയിൽ പിടിച്ചുനിൽക്കാൻ മോഡൽ വൈയുടെ വിലകുറഞ്ഞ വകഭേദം ഇറക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ടെസ്ല. മോഡൽ വൈയെക്കാൾ വലിപ്പക്കുറവും 20 ശതമാനം വിലക്കുറവുമുള്ള കാർ ഇ41 എന്ന അപരനാമത്തിലാണ് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
ടെസ്ലയുടെ ഏറ്റവും വലിയ കാർനിർമാണ കേന്ദ്രമായ ഷാങ്ഹായ് ഫാക്ടറിയിലായിരിക്കും വിലകുറഞ്ഞ കാറിന്റെ നിർമാണം. 2026 ൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. യൂറോപ്പിലും അമേരിക്കയിലും ഈ കാർ നിർമിക്കുന്ന കാര്യവും പരിഗണനയിലുണ്ടെങ്കിലും ചൈനീസ് വിപണിയെ മുന്നിൽക്കണ്ടാകും നിർമാണം. വിലകുറഞ്ഞ ടെസ്ല കാർ 2025 മധ്യത്തോടെ വിപണിയിലെത്തുക്കുമെന്ന് മസ്ക് നേരത്തെതന്നെ പറഞ്ഞിരുന്നുവെങ്കിലും ഇതിന്റെ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല.
ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളിൽനിന്നുള്ള കടുത്ത വെല്ലുവിളിയാണ് നിലവിൽ ടെസ്ല ആ രാജ്യത്ത് നേരിടുന്നത്. 2023- 24 കാലഘട്ടങ്ങളിൽ ചൈനയിലെ ബെസ്റ്റ് സെല്ലിങ് ഇലക്ട്രിക് കാറായിരുന്നു ടെസ്ല. എന്നാൽ ചൈനീസ് കമ്പനികളുടെ മോഡലുകൾ വ്യാപകമായി വിപണിയിൽ എത്തിത്തുടങ്ങിയതോടെ ടെസ്ലയുടെ നില പരുങ്ങലിലായി. വിൽപനയിൽ ഗണ്യമായ കുറവുവന്നു. ഇ.വി വിപണിയിലെത്തിയ ഷവോമി അടക്കമുള്ളവയാണ് ടെസ്ലയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത്.
ഷവോമിയുടെ എസ്.യു 7 സെഡാൻ, വൈ.യു 7 ക്രോസോവർ എന്നിവയാണ് ടെസ്ല മോഡലുകളെ പിടിച്ചുലച്ചത്. ഇതോടെയാണ് പുതിയ മോഡലുകൾ ഇറക്കുന്നതിന് പകരം നിലവിലുള്ള മോഡലുകളിൽ മാറ്റംവരുത്തി വിപണിയിൽ പിടിച്ചുനിൽക്കാനുള്ള നീക്കങ്ങൾക്ക് ടെസ്ല തുടക്കംകുറിച്ചത്. എന്നാൽ മോഡൽ വൈയുടെ വിലകുറഞ്ഞ വകഭേദം ഇന്ത്യയിലെത്തുമോ എന്ന കാര്യം ടെസ്ല ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കാറുകൾ ഇന്ത്യയിൽ നിർമിക്കുന്നതും ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതും സംബന്ധിച്ച ചർച്ചകൾ ടെസ്ല നടത്തുന്നുണ്ട്.