ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ വ്യത്യസ്‌തരാണ് അൾട്രാവയലറ്റ്.ഇപ്പോൾ വൈദ്യുത സ്‌കൂട്ടർ നിർമാണ രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് കമ്പനി.ടെസറാക്റ്റ് എന്നുപേരിട്ടിരിക്കുന്ന മോഡലുമായാണ് അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ വരവ്. ആദ്യ കാഴ്ച്ചയിൽ തന്നെ ആരുടേയും മനസിനെ മോഹിപ്പിക്കുന്ന സ്റ്റൈലും കാര്യങ്ങളുമുള്ള ഇവിക്ക് വെറും 1.20 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്.എന്നാൽ അൾട്രാവയലറ്റ് ടെസറാക്റ്റ് വാങ്ങാനെത്തുന്ന ആദ്യത്തെ 10,000 പേർക്ക് മാത്രമായിരിക്കും ഈ വിലയിൽ വാഹനം ലഭ്യമാവുകയുള്ളൂ കേട്ടോ. അതിനുശേഷം സ്കൂട്ടറിന്റെ വില 1.45 ലക്ഷം രൂപയായി ഉയരുമെന്നും കമ്പനി അറിയിച്ചു.
ഹോണ്ട ആക്‌ടിവ ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റിനേക്കാൾ കുറഞ്ഞ വിലയാണ് അൾട്രാവയലറ്റ് ടെസറാക്റ്റിനുള്ളത്. ഈ ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറി 2026 ആദ്യ പാദത്തിൽ ആരംഭിക്കുമെന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.ഡിസൈൻ, പെർഫോമൻസ്, ടെക്‌നോളജി എന്നിവയിൽ ഏറ്റവും മികച്ചതാണ് ടെസറാക്റ്റ് ഇലക്ട്രിക് സ്‌കൂട്ടർ. കാറുകളിൽ നിന്നും നിരവധി സാങ്കേതികവിദ്കൾയ കടമെടുത്താണ് ഈ മിടുക്കനെ പണികഴിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. ഇന്ത്യയിലോ ഒരുപക്ഷേ ലോകത്തോ ഇതുവരെ പുറത്തിറക്കിയിട്ടുള്ള ഏറ്റവും നൂതനമായ സ്‌കൂട്ടറാണിതെന്നാണ് അൾട്രാവയലറ്റ് അവകാശപ്പെടുന്നത്.
അൾട്രാവയലറ്റ് F77 സൂപ്പർബൈക്കിനോട് ചേർന്ന് നിൽക്കുന്ന അഗ്രസീവ് ഡിസൈനിലുള്ള സ്‌പോർട്ടി സ്‌കൂട്ടറായാണ് അൾട്രാവയലറ്റ് ടെസറാക്റ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പിങ്ക്, ബ്ലാക്ക്, സാൻഡ് എന്നിവയുൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്. മുൻവശത്തെ ഏപ്രോണിൻ്റെ മധ്യഭാഗത്തായി എൽഇഡി ഹെഡ്‌ലാമ്പുകളാണ് ഇലക്ട്രിക് സ്‌കൂട്ടറിന് നൽകിയിരിക്കുന്നത്.അൾട്രാവയലറ്റ് ടെസറാക്റ്റിലെ വിൻഡ്‌സ്‌ക്രീൻ ഇവിക്ക് സ്‌പോർടിനെസ് നൽകുന്നുണ്ട്. നാവിഗേഷനോടുകൂടിയ 7.0 ഇഞ്ച് TFT സ്‌ക്രീൻ, 34 ലിറ്റർ ശേഷിയുള്ള അണ്ടർസീറ്റ് സ്റ്റോറേജ്, 14 ഇഞ്ച് വീലുകൾ മുതലായവയാണ് മോഡലിന്റെ മറ്റ് ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നവ. ആഗോളതലത്തിൽ ഈ സെഗ്‌മെൻ്റിൽ ആദ്യമായി വരുന്ന ഒന്നിലധികം ഫീച്ചറുകളും ടെസറാക്റ്റിൽ ഒരുക്കിയിട്ടുണ്ടെന്നാണ് അൾട്രാവയലറ്റ് അവകാശപ്പെടുന്നത്.
ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷൻ, ഓവർടേക്ക് അലേർട്ട്, കൊളിഷൻ അലേർട്ട് എന്നിവയ്‌ക്കായി സ്‌കൂട്ടറിൽ ലോകത്ത് ആദ്യമായി മുന്നിലും പിന്നിലും റഡാർ വരെ കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ബ്ലൈൻഡ്‌സ്‌പോട്ട് സഹായത്തോടുകൂടിയ പ്രീമിയം റിയർ വ്യൂ മിററുകളും വാഹനത്തിന് സമ്മാമിച്ചിട്ടുണ്ട്. വയലറ്റ് എഐ ഉള്ള ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം ഫീച്ചറും അൾട്രാവലയലിറ്റിന്റെ ഇലക്ട്രിക് സ്കൂട്ടറിന് മാറ്റേകുന്നുണ്ട്.ഫ്ലോട്ടിംഗ് ഡിആർഎൽ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 110 സെക്ഷൻ ഫ്രണ്ട്, 140 സെക്ഷൻ റിയർ ടയറുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. പരമാവധി 20.10 bhp പവർ പുറപ്പെടുവിക്കാൻ അൾട്രാവയലറ്റ് ടെസറാക്റ്റിന് കഴിയും. 125 കിലോമീറ്ററിന്റെ പരമാവധി വേഗമുള്ള ഇലക്ട്രിക് സ്കൂട്ടറിന് സിംഗിൾ ചാർജിൽ 261 കിലോമീറ്റർ റേഞ്ചും നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്.