Drisya TV | Malayalam News

ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറുന്നതിന് സൗദി അറേബ്യയിൽ വിലക്ക്

 Web Desk    5 Mar 2025

ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറുന്നതിന് വിലക്ക്. രാജ്യത്തെ ബാങ്കുകള്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സൗദി അറേബ്യ നിര്‍ദേശിച്ചു. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ബാങ്ക് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യതക്കും വേണ്ടിയാണ് നടപടിയെന്ന് സാമ അറിയിച്ചു.

വാട്‌സാപ്പ് വഴി നിര്‍ദേശങ്ങള്‍ കൈമാറരുതെന്നതിന് പുറമേ ബദല്‍ സംവിധാനം കണ്ടെത്തണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ ചാറ്റ്ബോട്ടുകളോ ഉപയോഗിക്കണം. ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ബില്‍ പേയ്മെന്റുകള്‍ക്ക് ബാങ്ക്, സര്‍ക്കാര്‍ വെബ്പോyര്‍ട്ടലുകളോ മറ്റ് ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കണമെന്നും ഇടപാടുകാരോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.

സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് സൗദി അറേബ്യയിലും തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായാണ് അറബ് നാഷണല്‍ ബാങ്കിന്റെ ഡിജിറ്റല്‍ ഫ്രോഡ് കണ്‍ട്രോള്‍ വിഭാഗം മേധാവി റിമ അല്‍ ഖത്താനി പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന വിവര സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് സൗദി സെന്‍ട്രല്‍ ബാങ്ക് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ദ്ധിക്കുകയാണെന്ന് മാദ്ധ്യമ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

  • Share This Article
Drisya TV | Malayalam News