ഇന്ന് കാണുന്ന ഗൂഗിൾ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്ക്കെല്ലാം മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അകന്നു കഴിയുന്ന പ്രിയപ്പെട്ടവരേയും അതിരുകളില്ലാത്ത സൗഹൃദങ്ങളേയും കൂട്ടിയിണക്കിയ സ്കൈപ്പ്, വാണിജ്യസ്ഥാപനങ്ങളിലെ ഔദ്യോഗിക ആശയവിനിമയങ്ങൾക്കും ഉപയോഗിക്കപ്പെട്ടു. ഒരിക്കൽ ഒരു തലമുറയുടെ ജീവിതത്തിൽ പ്രധാന സ്ഥാനം വഹിച്ചിരുന്ന സ്കൈപ്പ് എന്ന സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്.
2003 ൽ സ്വീഡനിൽ നിന്നുള്ള നിക്ലാസ് സെൻസ്ട്രോം ഡെൻമാർക്കുകാരനായ ജാനസ് ഫ്രിസ് എന്നിവർ ചേർന്നാണ് പ്പിന് തുടക്കമിട്ടത്.എസ്റ്റോണിയക്കാരായ ആഹ്ട്ടി ഹെൻല, പ്രിറ്റ് കസെസലു, ജാൻ ടല്ലിൻ, ടോവിയോ അന്നസ് എന്നീ ഡെവലപ്പർമാർ ചേർന്നാണ് സ്കൈപ്പ് സോഫ്റ്റ് വെയർ വികസിപ്പിച്ചത്.ഐപി അധിഷ്‌ഠിത വീഡിയോ കോൺഫറൻസിങ്, വീഡിയോ കോൾ സേവനമായിരുന്നു ഇത്. അതിവേഗമുള്ള സന്ദേശകൈമാറ്റം, ഫയൽ ട്രാൻസ്ഫർ, ലാന്റ് ലൈൻ ഫോണുകളിലേക്കും മൊബൈൽ ഫോണുകളിലേക്കും ഫോൺ വിളിക്കാനുള്ള സൗകര്യം എന്നിവയെല്ലാം കൈപ്പിൽ ലഭ്യമായിരുന്നു.
ഇന്റർനെറ്റ് വഴിയുള്ള ആശയവിനിമയത്തിൽ വലിയ വിപ്ലവമാണ് സ്കൈപ്പ് സൃഷ്ടിച്ചത്. ഇത് സൗജന്യമായാണ് നൽകിയിരുന്നത് എന്നത് ശ്രദ്ധേയമാണ്. സാധാരണ ഫോൺ ശൃംഖലയിൽ അന്താരാഷ്ട്ര ഫോൺ വിളിക്കുന്നതും വീഡിയോകോൾ ചെയ്യുന്നതും വലിയ ചെലവായിരുന്ന കാലത്താണ് സ്കൈപ്പ് സൗജന്യ സേവനം വാഗ്ദാനം ചെയ്‌തത്. നേരിൽ കണ്ട് സംസാരിക്കാൻ ഇന്നത്തെ അതിവേഗ ഇന്റർനെറ്റും വാട്‌സാപ്പും മറ്റ് ആപ്പുകളും വ്യാപകമാകുന്നതിന് മുമ്പ് അന്യനാട്ടിലുള്ള ഉറ്റവരെ നേരിൽ കണ്ട് സംസാരിക്കാൻ ആളുകൾ ഉപയോഗിച്ചിരുന്നത് സ്കൈപ്പ് ആയിരുന്നു.
2021 ൽ തന്നെ സ്കൈപ്പ് സേവനം അവസാനിപ്പിച്ചേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ആഗോളതലത്തിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ശക്തമായതും ഇന്റർനെറ്റിന് ചിലവ് കുറഞ്ഞതും മൈക്രോസോഫ്റ്റ് സ്കൈപ്പിന് പകരം ടീംസിന് പ്രാമുഖ്യം നൽകിയതും സ്കൈപ്പിന്റെ പിന്നോട്ട് പോക്കിന് ആക്കംകൂട്ടി. 2025 മുതൽ സ്കൈപ്പ് സേവനം അവസാനിപ്പിക്കുമെന്ന് 2025 ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. സ്കൈപ്പിന്റെ സ്ഥാനത്തേക്ക് മൈക്രോസോഫ്റ്റ് ടീംസിലാണ് കമ്പനി ഇനി ശ്രദ്ധ ചെലുത്തുക.