കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ സി.ഡി ആദര്‍ശ് കുമാര്‍ ആണ് പരാതി നല്‍കിയത്. നാല് ഏക്കറില്‍ ഫലവൃക്ഷ കൃഷിചെയ്യുന്ന ആദര്‍ശിന്റെ തോട്ടത്തില്‍ രണ്ട് രുദ്രാക്ഷ മരങ്ങളാണുള്ളത്. മൂന്ന് വര്‍ഷം മുമ്പ് വരെ ഈ കൃഷിയില്‍ നിന്ന് വര്‍ഷം ഒരു കോടിരൂപ വരെ ആദര്‍ശിന് ലഭിച്ചിരുന്നു. ഗുണമേന്മയുള്ള രുദ്രാക്ഷം വിപണിയിലെത്തിക്കാനും അതിലൂടെ നല്ല വരുമാനം നേടാനും ആദര്‍ശിന് സാധിച്ചിരുന്നു.
എന്നാല്‍ ഈയടുത്ത് ആദര്‍ശിന്റെ തോട്ടത്തിലേക്ക് കൂട്ടത്തോടെയെത്തിയ പഴംതീനി വവ്വാലുകള്‍ തോട്ടത്തിലെ പഴുക്കാത്ത പഴങ്ങള്‍ തിന്നുനശിപ്പിക്കുകയാണ്. ഇതോടെ ആദര്‍ശിന്റെ വരുമാനത്തിലും കാര്യമായ ഇടിവുണ്ടായി. കാര്‍ഷികാവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ആദര്‍ശ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇതോടെയാണ് തനിക്കുണ്ടായ നഷ്ടത്തിന് വനംവകുപ്പ് 2.5 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആദര്‍ശ് പാലാ സബ്കോടതിയില്‍ പരാതി നല്‍കിയത്. വനത്തിന് പുറത്തുള്ള കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ നുഴഞ്ഞുകയറിയുണ്ടാക്കുന്ന നഷ്ടത്തിന് വനംവകുപ്പ് ഉത്തരവാദിയാണെന്നാണ് ആദര്‍ശ് പറയുന്നത്.