Drisya TV | Malayalam News

ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന പാസ്‍വേഡുകൾ ഇവ

 Web Desk    23 Nov 2024

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുതൽ ബാങ്കിങ്ങിനും ഗാഡ്ജറ്റുകൾക്കുമുൾപ്പെടെ വിവരങ്ങൾ സുരക്ഷിതമാക്കി വെക്കാൻ പാസ്‍വേഡുകൾ അത്യാവശ്യവുമാണ്. ഓർത്തുവെക്കാൻ എളുപ്പമുള്ള പാസ്‍വേഡ് ഉപയോഗിക്കുന്നവരാകും നമ്മളിൽ പലരും. എന്നാൽ അത് ചിലപ്പോൾ ഗുരുതര പ്രശ്നമാകാനും സാധ്യതയുണ്ട്. ഏറ്റവും എളുപ്പമുള്ള പാസ്‍വേഡ് എളുപ്പത്തിൽ ഹാക്ക് ചെയ്യാനും സാധ്യത കൂടുതലാണ്.നോർഡ്പാസിന്‍റെ റിപ്പോർട്ട് പ്രകാരം ‘123456’ എന്നതാണ് ലോകത്തുതന്നെ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പാസ്‍വേഡ്. ഇന്ത്യയിലെ ട്രെൻഡും ഇതുതന്നെയാണ്. ‘123456’ എന്ന പാസ്‍വേഡ് ആഗോളതലത്തിൽ 30,18,050 പേർ ഉപയോഗിക്കുന്നു. ഇതിൽ 76,981 പേർ ഇന്ത്യക്കാരാണ്. ഹാക്ക് ചെയ്യേണ്ടവർക്ക് ഒറ്റ സെക്കൻഡ് തികച്ച് വേണ്ട ഈ പാസ്‍വേഡ് ക്രാക്ക് ചെയ്യാൻ. മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും ഇപ്പോഴും നിരവധിപേർ ഉപയോഗിക്കുന്ന പാസ്‍വേഡ് ഇതുതന്നെയാണ്. സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം ആളുകളിൽ കുറവാണെന്നതിന്‍റെ തെളിവാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

1 മുതൽ 9 വരെയുള്ള അക്കങ്ങൾ തുടർച്ചയായി വരുന്നതാണ് (123456789) ആഗോള ലിസ്റ്റിൽ രണ്ടാമത്തേത്. ഇന്ത്യയിൽ നാലാമതാണ് ഇത്. ഈ നമ്പർ കോംബിനേഷനും എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടും. മിക്ക കീബോഡുകളിലും തുടക്കത്തിലുള്ള Qwerty ആണ് മറ്റൊരു ‘സിമ്പിൾ’ പാസ്‍വേഡ്. ഇതിനൊപ്പം നമ്പരുകൾ ഇടകലർത്തിയുള്ള ‘1q2w3e4er5t’ എന്ന പാസ്‍വേഡും ആഗോള തലത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. ‘password’, ‘admin’, ‘abcd1234’ എന്നിവയും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പാസ്‍വേഡുകളാണ്.

സാംസ്കാരികമോ ഭൂമിശാസ്ത്രപരമായ പ്രത്യേകതയോ ഉപയോഗിച്ചും പാസ്‍വേഡുകൾ നൽകുന്നവരുണ്ട്. ‘Indya123’, ‘India123’ എന്നിവ ഉദാഹരണം. 44 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടതാണ് നോർഡ്പാസിന്‍റെ റിപ്പോർട്ട്. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന 200 പാസ്‍വേഡുകളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ‘newmember’, ‘newpass’, ‘newuser’, ‘welcome’ എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു. നമ്പർ, ആൽഫബെറ്റ്, സ്പെഷൽ ക്യാരക്ടർ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാസ്‍വേഡുകൾ ഉപയോഗിക്കുന്നതാണ് എപ്പോഴും സുരക്ഷിതം. പാസ്‍വേഡുകൾ കൃത്യമായ ഇടവേളകളിൽ മാറ്റണമെന്നും നോർഡ്പാസിന്‍റെ റിപ്പോർട്ടിൽ നിർദേശിക്കുന്നു.

  • Share This Article
Drisya TV | Malayalam News