തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌സിംഗിലുള്ള ഒരു കെമിക്കൽ കമ്പനിയിൽ ഡിപ്പാർട്ട്‌മെന്‍റ് മാനേജരായി ജോലി ചെയ്തിരുന്ന ഷാങ് എന്നയാളെയാണ് ജോലി സമയത്ത് ഉറങ്ങിയെന്ന് ആരോപിച്ച് കമ്പനി പുറത്താക്കിയത്. രണ്ട് ദശാബ്ദ കാലത്തോളം കമ്പനിക്കായി ജോലി ചെയ്തിട്ടും കമ്പനി തന്നോട് കാണിച്ചത് അനീതിയാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ഇദ്ദേഹം കോടതിയിൽ പരാതി നൽകിയത്. ഓഫീസ് സമയത്ത് താൻ ക്ഷീണം കൊണ്ട് ഉറങ്ങി പോയതാണെന്നും സംഭവം നടക്കുന്നതിന് തൊട്ടു മുൻപത്തെ ദിവസം താൻ ഓവർടൈം ജോലി ചെയ്തിരുന്നുവെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. സംഭവം നടന്ന രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജോലി സമയത്ത് ഉറങ്ങിയെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് കമ്പനിയുടെ എച്ച് ആർ വിഭാഗം ഷാങ്ങിനെ പിരിച്ചുവിട്ടത്.ഓഫീസിലെ നിരീക്ഷണ ക്യാമറയിൽ ഇയാൾ ഉറങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഒരു മണിക്കൂറോളം സമയം ഷാങ് ഓഫീസ് സമയത്ത് ഉറങ്ങിയെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ, കേസിൽ കോടതി ജീവനക്കാരന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും കമ്പനിയോട് 3,50,000 യുവാൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. 40 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണിത്. രണ്ട് ദശാബ്ദകാലത്തോളം കമ്പനിക്കായി അധ്വാനിച്ച ഒരു മനുഷ്യനിൽ നിന്ന് വന്ന ചെറിയ പിഴവിനെ ഇത്ര ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കേണ്ടതില്ലെന്നും കമ്പനിയുടെ നടപടി മനുഷ്യത്വരഹിതമാണെന്നും കോടതി നിരീക്ഷിച്ചു.