Drisya TV | Malayalam News

വംശനാശ ഭീഷണി നേരിടുന്ന മണൽപൂച്ചകളിലൊന്നിനെ സൗദി അറേബ്യയിൽ കണ്ടെത്തി

 Web Desk    23 Nov 2024

മരുഭൂമിയിൽ കാണപ്പെടുന്ന മണൽ പൂച്ചകൾ പലർക്കും അപരിചിതമാണ്.ആരെയും ആകർഷിക്കും ഓമനത്തം തുളുമ്പുന്ന മുഖം കണ്ടാൽ ഒന്നെടുത്ത് ചേർത്തുപിടിക്കാനും തോന്നും. പക്ഷേ അടുത്തേക്ക് ചെന്നാൽ ഇവർ അപകടകാരികളാണ്.വംശനാശ ഭീഷണി നേരിടുന്ന മണൽപൂച്ചകളിലൊന്നിനെ സൗദിയിലെ നഫൂദ് അൽ അരീഖ് എന്ന സംരക്ഷിത പ്രദേശത്തു നിന്നും മണൽ പൂച്ചയെ ലഭിച്ചതായി സൗദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണ കേന്ദ്രം അധികൃതർ എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് അറിയിച്ചത്.

ഫെലിസ് മർഗരീത്ത എന്നാണ് ഇവയുടെ യഥാർത്ഥ പേര്. മരുഭൂമികളിലെ പാറകൾക്കിടയിലാണ് ഇവയുടെ വാസം. പൂർണവളർച്ചയെത്തിയ ഇവയ്ക്ക് 2 മുതൽ 3 അടി വരെ നീളവും 5 മുതൽ 8 കിലോ വരെ തൂക്കവുമുണ്ട്. വാസസ്ഥലത്ത് നിന്ന് 5 കിലോമീറ്റർ വരെ ഇവ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്.മണൽപൂച്ചകളെ കണ്ടാൽ വീടുകളിൽ വളർത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖമാണെങ്കിലും തീവ്ര അക്രമണ സ്വഭാവമുള്ള വന്യജീവികളുടെ ഗണത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. വലുപ്പം കൊണ്ട് ചെറുതാണ്. മങ്ങിയ ബ്രൗൺ മുതൽ ഇളം ചാര നിറമാണ് ഇവയുടേത്. വിശാലമായ തലയും വലിയ കണ്ണുകളും കൂർത്ത ചെവികളുമാണ്. ചെറിയ കാലുകളിൽ കറുത്ത വരകളും കവിളുകളിൽ ചുമപ്പ് പാടുകളുമുണ്ട്. വാലിനും നീളമേറെയാണ്.മാംസഭുക്കുകളായ ഇവ മനുഷ്യരോട് ഒട്ടും ഇണങ്ങില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. എതിരെ വരുന്നവരെ കടിച്ചു പരിക്കേൽപ്പിക്കുന്ന തരത്തിൽ അക്രമിക്കും. സാധാരണ പൂച്ചകൾക്ക് മോശം കാലാവസ്‌ഥകളെ അതിജീവിക്കാൻ കഴിയില്ലെങ്കിലും മണൽ പൂച്ചകൾക്കു പക്ഷേ പകൽ സമയങ്ങളിലെ കനത്ത ചൂടും രാത്രികാലങ്ങളിലെ തണുപ്പും ഉൾപ്പെടെ മരുഭൂമിയിലെ എല്ലാത്തരം കാലാവസ്‌ഥകളോടും ഇണങ്ങി ജീവിക്കാനുള്ള ശേഷിയുണ്ട്.

മണൽ പൂച്ചകളുടെ പാദങ്ങൾ നല്ല കട്ടിയുള്ള രോമങ്ങളാൽ പൊതിഞ്ഞിരിക്കുന്നതിനാൽ ചൂടായാലും തണുപ്പായാലും കൈകാലുകൾ സംരക്ഷിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. മണലിൽ താഴ്ന്നിറങ്ങാതെ നടക്കാൻ കഴിയുമെന്നതും കാലുകളുടെ പ്രത്യേകതയാണ്. ഇവയുടെ കണ്ണുകൾക്കും സവിശേഷതയുണ്ട്. സാധാരണ പൂച്ചകളുടെ കണ്ണിൽ പ്രകാശമടിച്ചാൽ അവ പ്രതിഫലിച്ച് തിളങ്ങുമെങ്കിൽ ഇവയുടെ കണ്ണുകളിലേക്ക് വെളിച്ചമടിച്ചാൽ കുനിഞ്ഞ് കണ്ണടയ്ക്കുന്നതാണ് രീതി. അതുകൊണ്ടു തന്നെ ശത്രുക്കൾക്കും ഇരകൾക്കും ഇരുട്ടിൽ ഇവയെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. രാത്രികാലങ്ങളിലാണ് ഇരയെ തേടി പുറത്തിറങ്ങുന്നത്.

  • Share This Article
Drisya TV | Malayalam News