2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്.ഉത്തരേന്ത്യയിൽ നിന്നുള്ള ഒളിച്ചോട്ടമായി പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ എതിരാളികൾ വിമർശിച്ചപ്പോൾ ഇന്ത്യയിൽ എവിടെയും മത്സരിക്കാൻ കഴിവും പ്രാപ്‌ിയുള്ള പ്രിയങ്ക വയനാടിനെ കന്നിയങ്കത്തിന് തിരഞ്ഞെടുത്തത് തങ്ങളുടെ സൗഭാഗ്യമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വിലയിരുത്തി. 5 ലക്ഷം വോട്ടിന് പ്രിയങ്കാ ഗാന്ധിയെ ജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ദേശീയ നേതാക്കൾ ഉൾപ്പടെ ക്യാമ്പ് ചെയ്ത് സ്ഥാനാർഥി മണ്ഡലത്തിൽ താമസിച്ച് നേരിട്ട് വോട്ടർമാരെ കണ്ട് പ്രചരണം നടത്തി.പക്ഷെ, തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസിനും ആശങ്കകളുടേതായിരുന്നു. ആളൊഴിഞ്ഞ ബൂത്തുകൾ ആശങ്കയായി. നിഷ്പക്ഷ വോട്ടർമാർ എത്താത്തത് വെല്ലുവിളിയും. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിട്ട് പോലും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.