കെൽട്രോണിനു ലഭിക്കാനുള്ള തുക സംസ്ഥാന സർക്കാർ നല്‍കിയതോടെയാണ് വീണ്ടും ക്യാമറകൾ പ്രവർത്തിക്കാന്‍ തുടങ്ങിയത്. പിഴയടയ്ക്കാനുള്ള ചലാൻ അയയ്ക്കുന്നത് കെൽട്രോൺ പുനരാരംഭിച്ചിട്ടുണ്ട്.മൂന്നുമാസത്തെ ഇടവേളകളില്‍ 11.6 കോടി രൂപ വീതമാണ് ധനവകുപ്പ് കെൽട്രോണിന് നൽകേണ്ടിയിരുന്നത്. നാല് തവണത്തെ കുടിശ്ശിക ലഭിക്കാനുണ്ടെന്ന അവസ്ഥ സംജാതമായപ്പോഴാണ് കെൽട്രോണ്‍ ചലാന്‍ അയയ്ക്കുന്നത് നിര്‍ത്തലാക്കിയത്. കുടിശ്ശിക തുക ധനവകുപ്പ് അനുവദിച്ചതോടെയാണ് വീണ്ടും എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായത്.
ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കഴിഞ്ഞയാഴ്ച മുതൽ പിഴ ഈടാക്കിക്കൊണ്ടുള്ള സന്ദേശങ്ങൾ മൊബൈലില്‍ ലഭിച്ചു തുടങ്ങി. അതേസമയം പിഴയായി വന്‍തുകയാണ് ചുമത്തുന്നതെന്ന പരാതികള്‍ വ്യാപകമാകുകയാണ്. സീറ്റ്‌ബെൽറ്റിനും ഹെൽമെറ്റിനും അടക്കം റോഡിലെ സീബ്രാലൈന്‍ തെറ്റിക്കുന്നതു വരെയുളള നിയമലംഘനങ്ങള്‍ക്ക് വാഹന ഉടമകള്‍ക്ക് വൻ തുകയാണ് പിഴയായി ലഭിച്ചിരിക്കുന്നത്.ട്രാഫിക് ജംഗ്ഷനിലെ മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കുമ്പോള്‍ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ നിർത്തിയതിനും മൂവായിരം രൂപയാണ് പിഴയീടാക്കുന്നതെന്ന് വ്യാപക പരാതികളാണ് ഉയരുന്നത്.നിയമ ലംഘനം നടത്തിയവരില്‍ വലിയൊരു വിഭാഗം ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതിയവരാണ്. എം. പരിവാഹൻ സൈറ്റിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നല്‍കി നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാവുന്നതാണ്. എന്നാല്‍, റോഡിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ക്യാമറകൾ പ്രവർത്തിപ്പിച്ച് അനാവശ്യ പിഴകൾ ഈടാക്കരുതെന്നും യാത്രക്കാർ പറയുന്നു.