ചുട്ടിപ്പാറ സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ നാലാംവർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ.സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തിൽ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവർ അറസ്റ്റിലായി.മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി.ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു.
കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവാണ് കുടുംബം ആരോപിക്കുന്നത്. സഹപാഠികളായ വിദ്യാർത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും അതിൽ ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതർ ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലം സംസാരിച്ച് പരിഹരിച്ചതാണെന്ന തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ വാദം അമ്മുവിന്റെ കുടുംബം തള്ളി.
ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ നിലയിലെത്തിച്ച വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നെന്നും 108 ആംബുലൻസിൽ വിടാൻ ആലോചിച്ചപ്പോൾ കുട്ടിക്കൊപ്പം വന്നവരാണ് തിരുവനന്തപുരത്തേക്ക് റഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതർ പറയുന്നു.കുടുംബം ആവശ്യപ്പെട്ടാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന, പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ വാദം സഹോദരൻ നിഷേധിച്ചു. അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല. അമ്മുവിന്റെ ഒപ്പമുണ്ടായിരുന്ന ആരോ ഒരാൾ തെറ്റിദ്ധരിപ്പിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. അത് ആരാണെന്ന് അറിയില്ല. അമ്മയുടെ വീട് കോട്ടയമാണ്. അടുത്തുള്ള കോട്ടയത്തേക്ക് കൊണ്ടുപോകാതെ തിരുവനന്തപുരത്തേക്ക് എത്തിക്കാൻ കുടുംബം ഒരിക്കലും ആവശ്യപ്പെടില്ല. ആശുപത്രിയിൽ കാലതാമസമുണ്ടായി. ഹോസ്റ്റലിൽ ആ ദിവസം പലതും സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും അഖിൽ പറഞ്ഞു.