Drisya TV | Malayalam News

രാജ്യത്തെ ആദ്യ കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) ഇന്ധനമായ വാഹനം ഇറക്കാനുള്ള തയ്യാറെടുപ്പിൽ ബജാജ്

 Web Desk    21 Nov 2024

പെട്രോളിലും സി.എന്‍.ജിയിലും ഒരു പോലെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സി.എന്‍.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ബൈക്ക് ബജാജ് ഓട്ടോ കഴിഞ്ഞ ജൂലൈയിലാണ് നിരത്തിലെത്തിച്ചത്. ഫ്രീഡം 125 എന്ന പേരിലെത്തിയ വണ്ടി നിരവധി പേരാണ് സ്വന്തമാക്കിയത്. 95,000 രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെയായിരുന്നു വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഇതിന് പിന്നാലെ രാജ്യത്തെ ആദ്യ കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) ഇന്ധനമായ വാഹനവും ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. അടുത്തിടെ പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ ബജാജ് ഓട്ടോ സി.ഇ.ഇ രാജീവ് ബജാജാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.ഓട്ടോമൊബൈല്‍, വ്യവസായ മേഖലകളില്‍ സി.എന്‍.ജിക്ക് പകരം ഉപയോഗിക്കാവുന്ന പുനരുപയോഗ ഇന്ധനമാണ് സി.ബി.ജി. കാര്‍ഷിക മാലിന്യം, ചാണകം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ ഉപയോഗിച്ച് അനൈറോബിക് ഡീകംപോസിഷന്‍ (Anaerobic Decomposition) എന്ന പ്രക്രിയയിലൂടെയാണ് സി.ബി.ജി നിര്‍മിക്കുന്നത്. ഭാവിയുടെ ഇന്ധനമെന്നാണ് സി.ബി.ജി അറിയപ്പെടുന്നത്.

ഇപ്പോള്‍ വിപണിയിലുള്ള സി.എന്‍.ജി മോട്ടോര്‍ സൈക്കിള്‍ സി.ബി.ജി ഇന്ധനത്തിലും ഓടാന്‍ ശേഷിയുള്ളതാണെന്ന് രാജീവ് പറഞ്ഞു. ഇപ്പോള്‍ സി.ബി.ജിയില്‍ നടക്കുന്ന ഗവേഷണം വ്യാവസായിക അടിസ്ഥാനത്തിലേക്ക് മാറിയാല്‍ സി.ബി.ജിയിലും വണ്ടിയോടും. വരും വര്‍ഷങ്ങളില്‍ തന്നെ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇത്തരം വാഹനം നിരത്തിലെത്തിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

  • Share This Article
Drisya TV | Malayalam News