തിരുവനന്തപുരം പേരൂർക്കട സ്വദേശി അശ്വഗോഷ് സൈന്ധവാണ് തട്ടിപ്പുകാരെ ക്യാമറയിൽ പകർത്തി കുടുക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നാണ് എന്ന വ്യാജേനയാണ് അശ്വഗോഷിന് വിളിയെത്തിയത്. തന്റെ പേരിൽ ഒരും സിം എടുത്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച് ചില തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു സംഘം ഡിജിറ്റൽ അറസ്റ്റിന് ശ്രമിച്ചത്. എന്നാൽ ഇത് തട്ടിപ്പാണെന്ന് നേരത്തെ തിരിച്ചറിഞ്ഞ അശ്വഗോഷ് തട്ടിപ്പുകാർ എവിടെ വരെ പോകുമെന്ന് അറിയാൻ അവരുമായി ഒരു മണിക്കൂറോളം സംസാരിച്ചു. ഇതിന്റെ വീഡിയോയും പകർത്തി."ഇത് കേരളമാണ് ഭയ്യാ... കേരളത്തിലെ പിള്ളേരോട് കളിക്കരുത്'' എന്ന് നാടകാന്ത്യം ഹിന്ദിയിൽ തട്ടിപ്പുകാർക്ക് അശ്വഗോഷ് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.