Drisya TV | Malayalam News

കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാളുമായി ലുലു ഗ്രൂപ്പ്‌ 

 Web Desk    20 Nov 2024

ലോകമെമ്പാടും ബിസിനസ് വിപുലപ്പെടുത്തുന്ന ലുലു ഗ്രൂപ്പ് സ്വന്തം നാടായ കേരളത്തിലും തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.നിലവില്‍ കോഴിക്കോടിന് പുറമെ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങലിലാണ് ലുലുവിന് ഷോപ്പിങ് മാളുകളുള്ളത്. ഇതോടൊപ്പം തന്നെ തൃപ്രയാളികള്‍ ലുലു ഗ്രൂപ്പിന്റെ വൈമാളും എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളില്‍ ഒരു ഹൈപ്പർ മാർക്കറ്റും ലുലുവിന്റേതായി പ്രവർത്തിക്കുന്നുണ്ട്.ഓണസമ്മാനമായി കോഴിക്കോട് മാള്‍ തുറന്ന ഗ്രൂപ്പ് ക്രിസ്മസ് സമ്മാനമായി കോട്ടയത്തും പുതിയ മാള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. മണിപ്പുഴയില്‍ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മാളിന്റെ പണികളെല്ലാം പൂർത്തിയായി കഴിഞ്ഞു. അവസാന നിമിഷത്തെ ഏതാനും മിനുക്ക് പണികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.

കോട്ടയത്തെ ലുലു മാളിന്റെ ഉദ്ഘാടന തിയതി ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ പുറത്ത് വിടും. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ഡിസംബർ മാസത്തിന്റെ ആദ്യ ആഴ്ചയോ രണ്ടാം ആഴ്ചയോ മാള്‍ പ്രവർത്തനം ആരംഭിച്ചേക്കും. രണ്ട് നിലകളിലായിട്ടുള്ള മാളിന് 3.22 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. വിസ്തീർണ്ണത്തിന്റെ കാര്യത്തില്‍ പാലക്കാട് ലുലു മാളാണ് കേരളത്തില്‍ ഏറ്റവും ചെറുത്. രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് പാലക്കാടെ മാള്‍ പ്രവർത്തിക്കുന്നത്. 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണമുള്ള തിരുവനന്തപുരത്തെ മാളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലുത്.

ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ്, ഫുഡ് കോർട്ട്, മള്‍ട്ടിലെവല്‍ പാർക്കിങ്, വിവിധ രാജ്യാന്തര ബ്രാന്‍ഡുകള്‍ എന്നിവയെല്ലാം കോട്ടയത്തെ മാളിലും ഒരുങ്ങിക്കഴിഞ്ഞു. 500 പേർക്ക് ഇരിക്കാനുകുന്ന തരത്തിലാണ് ഫുഡ് കോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരേസമയം 1000 വാഹനങ്ങൾ പാർക്ക് ചെയ്യാനാകുന്നതാണ് മള്‍ട്ടി ലെവല്‍ പാർക്കിങ്. മാളിലേക്കുള്ള ജീവനക്കാരെ നേരത്തെ തന്നെ ലുലു ഗ്രൂപ്പ് അഭിമുഖം നടത്തി തിരഞ്ഞെടുത്തിരുന്നു.

ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ യൂസഫലി തന്നെ അടുത്തിടെ കോട്ടയത്ത് എത്തിന്റെ മാളിന്റെ ഒരുക്കങ്ങള്‍ നേരിട്ട് നിരീക്ഷിച്ചിരുന്നു. ഉൽപന്നങ്ങൾ ആദ്യമായി ഷെൽഫുകളിൽ എടുത്തുവയ്ക്കുന്ന കർമവും അന്ന് അദ്ദേഹം നിർവ്വഹിച്ചു. ജീവനക്കാർക്കായി പ്രത്യേക ഉപദേശങ്ങള്‍ നല്‍കിയ അദ്ദേഹം നിയമം വിട്ട് ഒരു കാര്യവും ചെയ്യരുത്, കമ്പനിയെ വഞ്ചിക്കരുത്, ഉപഭോക്താക്കളെ വഞ്ചിക്കരുതെന്നും വ്യക്തമാക്കി.

കോട്ടയത്തിന് പിന്നാലെ തന്നെ മൂന്ന് മാളുകള്‍ കൂടി ലുലു തുറക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ തിരൂർ, പെരിന്തല്‍മണ്ണ, കൊല്ലത്തെ കൊട്ടിയം എന്നിവിടങ്ങളിലാണ് പുതിയ മാളുകള്‍ വരാന്‍ പോകുന്നത്. മൂന്നിടത്തേയും നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ കൊട്ടിയത്തെ മാളായിരിക്കും ആദ്യം പ്രവർത്തനം ആരംഭിക്കുകയെന്നാണ് സൂചന. കൊട്ടിയം മാളിലേക്കുള്ള റിക്രൂട്ട്മെന്റ് അടുത്തിടെ നടന്നിരുന്നുവെങ്കിലും തിരൂരിലേയും റിക്രൂട്ട്മെന്റുകള്‍ നടക്കാന്‍ പോകുന്നതേയുള്ളു.

  • Share This Article
Drisya TV | Malayalam News