ലാമോറ വില്യംസ് എന്ന ഇരുപത്തിനാലുകാരി സ്വന്തം മക്കളെ അടുപ്പിലിട്ട് പൊള്ളിച്ച് കൊന്നതിന് ജീവപര്യന്തവും 35 വർഷം അധികശിക്ഷയുമാണ് യു.എസ്. കോടതി വിധിച്ചിരിക്കുന്നത്. ഇതിനിടെ പരോൾ അനുവദിക്കില്ല. ഒന്നും രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളെയാണ് മോറ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.രണ്ട് വയസ്സുള്ള കെ യുൻ്റെ, ഒരുവയസ്സുള്ള ജാ കാർട്ടർ എന്നീ കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്. സംഭവശേഷം പോലീസിനെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവയ്ക്കാൻ ശ്രമിക്കുകയും ചെയ്‌തു. അതേസമയം യുവതി കുറ്റം സമ്മതിക്കാൻ തയ്യാറായിട്ടില്ല.2017 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് ശിക്ഷാവിധി. പരിചാരകയ്ക്കെക്കൊപ്പം നിർത്തിപ്പോയ തന്റെ രണ്ട് മക്കൾ മരിച്ചെന്നാണ് 911 എന്ന എമർജൻസി നമ്പറിലേക്ക് മോറ വിളിച്ചറിയിച്ചത്. യുവതിയുടെ എമർജൻസി കോളോടെയാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. ''ഞാൻ വീട്ടിലെത്തിയപ്പോൾ മക്കൾ രണ്ടുപേരും നിലത്ത് കിടക്കുന്ന നിലയിലാണ്. സ്റ്റൗ എന്റെ മൂത്ത മകന്റെ തലയിൽക്കിടക്കുന്നു. ഇളയമകന്റെ തലച്ചോറ് പുറത്തുവന്ന നിലയിലും. എനിക്ക് എന്തുചെയ്യണമെന്നറിയില്ല. ജോലികഴിഞ്ഞ് ഞാൻ ഇപ്പോൾ എത്തിയതേയുള്ളൂ. ഇതെന്റെ തെറ്റല്ല. ദയവുചെയ്ത് സഹായിക്കണം'' എന്നായിരുന്നു മോറ വിളിച്ചുപറഞ്ഞത്.എന്നാൽ അന്വേഷണോദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും സംഭവം കൊലപാതകമാണെന്ന് തെളിയിച്ചു.സംഭവസമയത്തുതന്നെ കുട്ടികളുടെ പിതാവും 911 നമ്പറിലേക്ക് വിളിച്ച് മക്കൾ മരിച്ച കാര്യം പറഞ്ഞു. ഭാര്യ വീഡിയോ കോൾ ചെയ്തിരുന്നെന്നും അപ്പാർട്ട്മെന്റിൽ രണ്ടുപേരും മരിച്ചുകിടക്കുന്നതായി ദൃശ്യങ്ങളിൽ കണ്ടെന്നും അവർ മരിച്ചുവെന്നാണ് കരുതുന്നതെന്നും ആണ് ഭർത്താവ് വിളിച്ചറിയിച്ചത്.
പോലീസെത്തി അന്വേഷിച്ചപ്പോൾ രണ്ടുമക്കളും വെന്തുമരിച്ചതായി കണ്ടെത്തി. പിന്നാലെ പോസ്റ്റ്മോർട്ടത്തിനയച്ചു. എന്നാൽ പോസ്റ്റ്മോർട്ടം പ്രാഥമിക കണ്ടെത്തലിൽ കൊലപാതകമാണെന്നതിന്റെ തെളിവു ലഭിച്ചു.തല അടുപ്പിനകത്തേക്ക് വെച്ചതിനെത്തുടർന്നാണ് മരണമെന്നായിരുന്നു കണ്ടെത്തൽ. തലയിൽ അനുഭവിച്ച താപത്തിന്റെ തോതും ദൈർഘ്യവും നിരീക്ഷിച്ചാണ് തല അടുപ്പിനകത്തേക്കുവെച്ചതാണെന്ന നിരീക്ഷണത്തിലെത്തിയത്. ഇതോടെ അറ്റ്ലാന്റ പോലീസ് മോറയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മകൾക്ക് മാനസികപ്രശ്‌നമുണ്ടെന്നാണ് മോറയുടെ അമ്മ പറയുന്നത്.