Drisya TV | Malayalam News

എന്താണ് ആരോഗ്യ ഇന്‍ഷൂറന്‍സിലെ പി.ഇ.ഡി?പോളിസി എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യം

 Web Desk    18 Nov 2024

സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പോളിസി എടുക്കുന്നതിന് മുമ്പ് ഒരു നിശ്ചിത കാലയളവിനുള്ളില്‍ രോഗനിര്‍ണയം നടത്തുകയോ ചികിത്സിക്കുകയോ ചെയ്ത ഏതെങ്കിലും അസുഖമോ അവസ്ഥയോ ആണ് പിഇഡി അഥവാ പ്രീ എക്സിസ്റ്റിംഗ് ഡിസീസ് എന്ന് നിര്‍വചിച്ചിരിക്കുന്നത്.ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഉണ്ടായിരുന്ന അസുഖങ്ങള്‍ക്ക് ഒരു നിശ്ചിത കാലം കഴിയുന്നത് വരെ കവറേജ് ലഭിക്കില്ല. ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിച്ച കാത്തിരിപ്പ് കാലയളവ് കഴിഞ്ഞ ശേഷം മാത്രമേ ഈ കവറേജ് ലഭിക്കൂ..ഇത് സാധാരണയായി രണ്ട് മുതല്‍ നാല് വര്‍ഷമാണ്.പി.ഇ.ഡികള്‍ക്കുള്ള കാത്തിരിപ്പ് കാലയളവ് ആരംഭിക്കുന്നത് പോളിസി ആരംഭിക്കുന്ന തീയതി മുതലാണ്, രോഗമോ അവസ്ഥയോ ആദ്യം കണ്ടുപിടിച്ചതോ ചികിത്സിച്ചതോ ആയ തീയതി മുതലല്ല. പോളിസി ആരംഭിക്കുന്ന തീയതിക്ക് മുമ്പ് തന്നെ ചികിത്സയോ രോഗമോ ഉണ്ടായിട്ടുണ്ടെങ്കിലും, പോളിസി ആരംഭിച്ച തീയതി മുതല്‍ കാത്തിരിപ്പ് കാലയളവ് ബാധകമാണ് എന്നാണ് ഇതിനര്‍ത്ഥം.മാത്രമല്ല, പോളിസി വാങ്ങുമ്പോള്‍ വെളിപ്പെടുത്തിയ വ്യവസ്ഥകള്‍ക്ക് മാത്രമേ പി.ഇ.ഡികള്‍ക്കുള്ള കാത്തിരിപ്പ് കാലയളവിന്‍റെ ആനുകൂല്യം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. പോളിസി എടുക്കുമ്പോള്‍ പോളിസി ഉടമ നിലവിലുള്ള അസുഖങ്ങളെക്കുറിച്ച് അറിയിച്ചിരിക്കണം. ഇത് ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിക്കുകയും വേണം.

നിലവിലുള്ള അസുഖത്തിനുള്ള കവറേജ് ലഭിക്കുന്നതിന് പോളിസി എടുത്ത ശേഷം കുറച്ച് കാലം കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ വളരെ കുറഞ്ഞ കാത്തിരിപ്പ് കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന്, പോളിസി ആരംഭിച്ച തീയതി മുതല്‍ 2-4 വര്‍ഷത്തെ കാലയളവിന് ശേഷമാണ് പ്രസവ ചെലവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. പല ഇന്‍ഷുറന്‍സ് കമ്പനികളും പലതരത്തിലുള്ള കാത്തിരിപ്പ് കാലയളവ് മുന്നോട്ട് വയ്ക്കാറുണ്ട് .ഇത് താരതമ്യം ചെയ്ത് മാത്രം പോളിസിയെടുക്കുക.

  • Share This Article
Drisya TV | Malayalam News