ലോകത്ത് എല്ലാ കോണിലുമുണ്ട് അയ്യപ്പ ഭക്തർ . അതു തന്നെയാണ് മുസ്ലീം രാജ്യമായ മലേഷ്യയിൽ ശബരിമലയ്‌ക്ക് തുല്യമായ ഒരു ക്ഷേത്രം നിർമ്മിക്കാൻ ഇടയാക്കിയത്.മലേഷ്യൻ നഗരമായ ജഹോർ ബഹ്‌റുവിലെ ഈ ക്ഷേത്രം ശബരിമലയിലെ ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.
2002-ൽ 5 ഭക്തർ മാത്രമുള്ള അയ്യപ്പഭക്തരുടെ ഒരു ഗ്രൂപ്പ് മലേഷ്യയിൽ രൂപീകരിച്ചിരുന്നു.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് 1000-ത്തിലധികം ഭക്തന്മാരിലേക്ക് എത്തി. ആദ്യമായി ഒരു ചെറിയ സംഘം ഭക്തർ മലേഷ്യയിൽ നിന്ന് ശബരിമലയിലേക്ക് എത്തി . തിരിച്ചുള്ള യാത്രയ്‌ക്ക് ശേഷമാണ് ശബരിമല ദർശനം നടത്താനും അയ്യപ്പന്റെ അനുഗ്രഹം വാങ്ങാനും കഴിയാതെ പോകുന്ന അയ്യപ്പഭക്തർക്കായി മലേഷ്യയിൽ ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന ചിന്ത ഉണ്ടായത് .ഒരു എക്കറോളം വരുന്ന ഭൂമി സർക്കാർ അനുവദിച്ചു.
ശബരിമലയിലേതു പോലെയുള്ള ചുറ്റമ്പലവും പതിനെട്ടാം പടിയും ആരെയും ആകർഷിക്കുന്നവയാണ്.ക്ഷേത്രപരിസരത്തിലേക്കുള്ള പതിനെട്ടാംപടി ദക്ഷിണേന്ത്യയിൽ നിന്നുള്ള ശിൽപികൾ നിർമ്മിച്ചതാണ്.മാന്നാറിലെ പ്രശസ്ത ശിൽപിയാണ് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം വാർത്തെടുത്തത്. ഒരു കിലോ സ്വർണ്ണമാണ് വിഗ്രഹം നിർമ്മിക്കാൻ ഉപയോഗിച്ചത്.5 ആനകൾ , 1 കോടി ദീപം, 1008 കുംഭപൂജ എന്നിവയൊക്കെ ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ഒരുക്കിയിരുന്നു . ശബരിമലയിലെ വാസ്തു പരിശോധിക്കുന്ന കാണിപ്പയൂർ ഉൾപ്പെടെയുള്ള പ്രമുഖരെയും കൊണ്ട് വന്നാണ് ക്ഷേത്രനിർമ്മാണം നടത്തിയത്.