ആഴക്കടല്‍ ഗവേഷകരെ അമ്പരിപ്പിച്ച ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിലിയുടെ തീരത്തോട് ചേര്‍ന്നായിരുന്നു ഒരു ഭീമാകാര രൂപം കടലിനടിയിലൂടെ നീങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. റോബോട്ട് ക്യാമറ പകര്‍ത്തിയ ദൃശ്യത്തില്‍ മുട്ടകളുമായി നീങ്ങുന്ന ഭീമാകാരന്‍ കണവയാണ് പതിഞ്ഞിരിക്കുന്നത്.സാധാരണ മിക്ക കണവകളും കടല്‍ത്തീരത്താണ് മുട്ടയിടുന്നത്, അവ സ്വന്തം മുട്ടകള്‍ക്ക് പരിചരണം നല്‍കുന്നില്ല. എന്നാല്‍ (ഗോനാറ്റസ് ഓനിക്‌സ് ഇനത്തിലുള്ള ഇവ അവരുടെ മുട്ടകള്‍ വളര്‍ത്തുന്ന ചുരുക്കം ചില ഇനങ്ങളില്‍ ഒന്നാണ്.ഒരു പെണ്‍ ഗോനാറ്റസ് മാസങ്ങളോളം മുട്ടകള്‍ വഹിച്ചുകൊണ്ട് നടക്കുന്നു. ഈ സമയത്ത് കണവയ്ക്ക് വളരെ വേഗത്തില്‍ നീങ്ങാന്‍ കഴിയില്ല, അതിനാല്‍ അവ പല ജീവികള്‍ക്കും ഇരയാവാനുള്ള സാധ്യതയുണ്ട്.ഇത്തരം കണവയ്ക്ക് 3000 മുട്ടകള്‍ വരെയുണ്ട്. ഇന്‍കുബേഷന്‍ സമയം ഏകദേശം ആറ് മുതല്‍ ഒമ്പത് മാസം വരെയാകാം, തന്റെ മുട്ടകള്‍ക്ക് നല്ല ഓക്സിജന്‍ ലഭ്യത ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ മുഴുവന്‍ സമയവും ഈ കണവ അതിലേക്ക് വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കും. കുഞ്ഞുങ്ങള്‍ സ്വതന്ത്രമായി നീന്താന്‍ തയ്യാറാകുമ്പോള്‍ മുട്ട പൊട്ടിച്ചെടുക്കാനും ഇത് സഹായിക്കുന്നു. ഇവ വിരിയുമ്പോഴേക്കും അമ്മ കണവ അവശയായി മരണം വരിക്കുകയും ചെയ്യും.