മെസോപ്പോട്ടോമിയ, ഹാരപ്പ തുടങ്ങിയ ലോകത്ത് ആദിമ സംസ്കാരും രൂപം കൊണ്ട കാലത്ത് തന്നെ ചൈനയിലും മനുഷ്യന്‍ സാമൂഹിക ജീവിതം ആരംഭിച്ചിരുന്നു. വെങ്കല യുഗത്തില്‍, അതായത്, ബിസി 1600 മുതൽ ഷാങ് രാജവംശം വടക്കൻ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിച്ചിരുന്നു. ഏകദേശം ബിസി 1250 മുതൽ ബിസി 1050 വരെ നിലനിന്നിരുന്ന ഷാങ് രാജവംശത്തെ കുറിച്ചുള്ള പുരാവസ്തു തെളിവുകൾ മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. അതേസമയം ചൈനയുടെ മുൻ ഷാങ് പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിച്ച ചില മൃഗാസ്ഥികള്‍ ആദ്യകാല ഷാങ് രാജവംശവുമായി ബന്ധപ്പെട്ടതാണെന്ന് പുതിയ കണ്ടെത്തല്‍. ഇത്തരത്തില്‍ ലഭിച്ച മൃഗാസ്ഥികള്‍ അടുത്ത കാലത്ത് പോലും ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ മുൻ ഷാങ് തലസ്ഥാനമായ അന്യാങിൽ നടക്കുന്ന പരമ്പരാഗത ശവസംസ്കാര ചടങ്ങുകൾക്കിടയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. 19 -ാം നൂറ്റാണ്ടിലാണ് ആദ്യമായി ഇത്തരം അസ്ഥികള്‍ കണ്ടെത്തിയത്. ആമത്തോടിലും പ്രദേശത്ത് കണ്ടുവരുന്ന കാളകളുടെയും അസ്ഥികളാണ് ഇവ. ഇത്തരം അസ്ഥികളില്‍ ചില പഴയകാല ചൈനീസ് രേഖപ്പെടുത്തലുകളുമുണ്ട്. ഇവയെ പൊതുവേ ഓറാക്കിള്‍ അസ്ഥികള്‍ എന്ന് വിളിക്കുന്നു. അതേസമയം പ്രദേശവാസികള്‍ ഇവയെ 'ഡ്രാഗൺ അസ്ഥികൾ' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇവയുടെ വ്യാപാരം ശക്തിപ്പെടുന്നത് വരെ പുരാതന ചൈനയിലുടനീളം ഇത്തരം അസ്ഥികള്‍ സുലഭമായി ഉപയോഗിക്കപ്പെട്ടിരുന്നു. മിക്കപ്പോഴും ഇവ പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിന് വേണ്ടിയാണ് ഉപയോഗിക്കപ്പെട്ടത്. ഇവ പലപ്പോഴും ആമയുടെ പുറന്തോടില്‍ നിന്നോ കാളകളുടെ തോൾ ഭാഗത്തെ എല്ലില്‍ നിന്നോ നിര്‍മ്മിക്കപ്പെട്ടവയാണ്. ഇത്തരം അസ്ഥികളില്‍ അക്കാലത്ത് മൂര്‍ച്ചയേറിയ ഉപകരണം കൊണ്ട് ചില എഴുത്തുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം അവ ചൂടാക്കി സൂക്ഷിക്കുന്നു. ഇതുവരെയായി 1,00,000 ത്തിലധികം ഇത്തരം ഓറാക്കിള്‍ അസ്ഥികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഓറാക്കിള്‍ അസ്ഥികളിലെ ചിത്രരൂപങ്ങള്‍ ചൈനീസ് ഭാഷയുടെ ആദ്യകാല രൂപമാണ്. ഒറാക്കിൾ അസ്ഥിയിലെ ലിപിയിലെ ഏകദേശം 5,000 പ്രതീകങ്ങളിൽ പലതും ആധുനിക ചൈനീസ് ഭാഷയിൽ ഉപയോഗിക്കപ്പെടുന്നവയാണ്. എന്നാല്‍ മറ്റ് ചില വാക്കുകള്‍ ഇനിയും വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം അസ്ഥികള്‍ ഷാങ് രാജവംശത്തിന്‍റെ ഭാവി പ്രവചനത്തിനായും ഉപയോഗിക്കപ്പെട്ടിരുന്നതായി കണക്കാക്കുന്നു. പുരാവസ്തു ഗവേഷകര്‍ക്ക് ഷാങ് രാജകീയ വംശാവലിയുടെ പട്ടിക തയ്യാറാക്കാന്‍ ഉപകാരപ്പെട്ടതും ഇത്തരം ലിഖിതങ്ങളോട് കൂടിയ ഓറാക്കിള്‍ അസ്ഥികളായിരുന്നു. അതേസമയം ഷാങ് രാജവംശത്തിന് മുമ്പുള്ള ഒറാക്കിള്‍ അസ്ഥികളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. 8,600 വർഷങ്ങൾക്ക് മുമ്പ് "നിയോലിത്തിക് ഒറാക്കിൾ അസ്ഥികൾ" 2003 -ൽ നടന്ന ഖനനത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ അവകാശപ്പെട്ടു. എന്നാല്‍, ചില പുരാവസ്തു ഗവേഷകർ ഇത്രയും പഴക്കമുള്ള അസ്ഥികളില്‍ സംശയം ഉന്നയിക്കുന്നു. 5,000 വർഷങ്ങൾക്ക് മുമ്പ് അത്തരം അസ്ഥികള്‍ ഉപയോഗിക്കാനുള്ള സാധ്യതയില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.