Drisya TV | Malayalam News

വിലക്കയറ്റം; ഇടതുപക്ഷ സർക്കാരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രതിഷേധം

 Web Desk    16 Nov 2024

പാലാ :വിലക്കയറ്റംമൂലം സാധാരണ ജനങ്ങൾ വലിയ കഷ്ടപ്പാടിലാണെന്നിരിക്കെ യാതൊരു ആശ്വാസ നടപടിയും സ്വീകരിക്കുവാൻ ഇടതുപക്ഷ സർക്കാർ തയ്യാറാകുന്നില്ലെന്നാരോപിച്ച്   ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊച്ചിടപ്പാടി വാർഡ്‌ കമ്മിറ്റി പ്രതിഷേധിച്ചു.അരിയും വെളിച്ചെണ്ണയും അത്യാവശ്യം ധാന്യങ്ങളും സപ്ലൈകോ ഔട്ലെറ്റ് വഴി ന്യായ വിലയ്ക്ക് നൽകിക്കൊണ്ടിരുന്ന സബ്‌സിഡി വിപണന രീതി എന്നേ താറുമാറാക്കിയ ഈ സർക്കാർ ലോകസഭ തിരഞ്ഞെടുപ്പ് കാലത്ത് ജനങളുടെ കണ്ണിൽ പൊടിയിടാനെന്നോണം ഏതാനും മാസം സപ്ലൈ‌കോയിൽ സാധനങ്ങൾ എത്തിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു,അവസ്ഥ പഴയതു തന്നെ.പൊതുവിപണിയിൽ വെളിച്ചെണ്ണയുടെ വില 250, സവോളയുടെ വില നൂറിലേക്കെത്തുന്നു.പച്ചക്കറി വിലയാകട്ടെ പലതും സെഞ്ചുറിയിലും മിക്കതും ഹാഫ് സെഞ്ചുറിയിലും എത്തി പക്ഷേ, സർക്കാർ അറിഞ്ഞ മട്ടില്ല.
     ഈ അനങ്ങാപ്പാറ നയത്തിൽ നിന്ന് കേരള സർക്കാർ പിന്തിരിയണമെന്നും ജനങ്ങൾക്ക് സഹായകരമായ നടപടികൾ ഉടനടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പാലാ ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി, അമൽ തെങ്ങുംപള്ളി, ഷൈജു പാലയ്ക്കൽ, ലീന ജോസ് മുകാല.. തുടങ്ങിയവർ പ്രസംഗിച്ചു.

  • Share This Article
Drisya TV | Malayalam News