ബീറ്റ ഹലാസി എന്ന ശാസ്ത്രജ്ഞയാണ് തന്റെ അർബുദത്തെ ചികിത്സിച്ച് ഭേദമാക്കിയത്. ലാബിൽ വികസിപ്പിച്ച വൈറസുകളെ അർബുദത്തിൽ കുത്തിവച്ച് കാൻസർ സെല്ലുകളെ നശിപ്പിക്കുകയായിരുന്നു. ക്രൊയേഷ്യയിലെ സഗ്രീബിലുള്ള യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റാണ് 50-കാരി.കീമോതെറാപ്പി സെഷനിൽ മടുത്താണ് ഇവർ സ്വയം ചികിത്സിക്കാൻ തീരിമാനിച്ചതെന്നാണ് റിപ്പോർട്ട്. ഹലാസിയുടെ കേസ് സ്റ്റഡി ജേണൽ വാക്സിൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതിന് മുൻപ് ആരും പരീക്ഷിക്കാത്ത ചികിത്സാ രീതിയാണ് ഹലാസി സ്വന്തം ശരീരത്തിൽ നടപ്പിലാക്കിയത്. അഞ്ചാംപനിക്ക് കാരണമാകുന്ന വൈറസും ഫ്ലൂ വരുത്തുന്ന ഒരു രോഗാണുവും സംയുക്തമായി ചേർത്താണ് ട്യൂമറിൽ പ്രയോഗിച്ചതെന്നും അത് നേരിട്ട് ട്യൂമറിൽ കുത്തിവെക്കുകയായിരുന്നുവെന്നും ഹലാസി പറഞ്ഞു. വൈറസ് കുത്തിവച്ചതിന് പിന്നാലെ ക്യാൻസർ സെല്ലുകൾ നശിക്കുകയും ഹലാസിയുടെ പ്രതിരോധ ശക്തി വീണ്ടെടുക്കാൻ ആരംഭിക്കുകയും ചെയ്തു.
സ്വയം ചികിത്സിച്ചതിന് ശേഷം തുടർന്ന് നാല് വർഷത്തോളം കാൻസർ-രഹിതയായിരുന്നു ഹലാസി. സ്റ്റേജ് 3 അർബുദത്തിൽ നിന്ന് തന്നെ മുക്തയാക്കിയ വാക്സിനെ oncolytic virotherapy (OVT) എന്നാണ് ഹലാസി വിശേഷിപ്പിക്കുന്നത്.കാൻസർ കോശങ്ങളെ ആക്രമിക്കാനും പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനും വൈറസുകളെ ഉപയോഗിക്കുന്ന ചികിത്സാരീതിയാണ് OVT. ഒട്ടുമിക്ക OVT ക്ലിനിക്കൽ പരീക്ഷണങ്ങളും അർബുദ ബാധയുടെ അവസാന ഘട്ടത്തിലാണ് പരീക്ഷിക്കുക. മെറ്റാസ്റ്റാറ്റിക് കാൻസറായി മാറുമ്പോഴാണ് OVT പ്രയോഗിക്കുന്നത്. അർബുദം രൂപപ്പെട്ട സ്ഥലത്ത് നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനേയാണ് മെറ്റാസ്റ്റാറ്റിക് കാൻസർ എന്ന് പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, OVT പരീക്ഷണം കാൻസറിന്റെ ആദ്യസ്റ്റേജിലും ശാസ്ത്രജ്ഞർ പരീക്ഷിക്കുന്നുണ്ട്.