ബാങ്കിംഗ് സംവിധാനങ്ങള്‍ ശക്തി പ്രാപിച്ചതോടെ തൊഴിൽ സ്ഥാപനങ്ങള്‍ ശമ്പളം ബാങ്ക് വഴിയാണ് നല്‍കാറ്. എന്നാല്‍, അയര്‍ലന്‍റിലെ ഡബ്ലിനിലെ ഒരു റെസ്റ്റോറന്‍റ് തങ്ങളുടെ ഒരു ജീവനക്കാന് ശമ്പളം നല്‍കിയത് നാണയത്തിലായിരുന്നു. അതും രാജ്യത്തെ ഏറ്റവും ചെറിയ നാണയങ്ങളിലൊന്നായ അഞ്ച് സെന്‍റിന്‍റെ ഒരു ബക്കറ്റ് നാണയം. ഡബ്ലിൻ സിറ്റി സെന്‍ററിലെ ആൽഫീസ് റെസ്റ്റോറന്‍റാണ് തങ്ങളുടെ തൊഴിലാളിയായ റിയാൻ കിയോഗിന് അഞ്ച് സെന്‍റ് നാണയങ്ങളായി 355 യൂറോ (32,000 രൂപ) ശമ്പളമായി നൽകിയത്. സംഭവം നടന്നത് 2021 ലാണ്.
റിയാൻ കിയോഗ് സമൂഹ മാധ്യമത്തില്‍ ഒരു ബക്കറ്റ് നിറയെ നാണയങ്ങളുള്ള ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ' തെക്കൻ വില്യം സ്ട്രീറ്റിലെ ആൽഫിസിൽ ജോലി ചെയ്യുന്നത് എങ്ങനെയായിരുന്നുവെന്ന് ആർക്കെങ്കിലും അറിയണമെങ്കിൽ, ആഴ്ചകളോളം എന്‍റെ അവസാന ശമ്പളത്തിന് വേണ്ടി ആലഞ്ഞതിന് ഒടുവില്‍ എനിക്ക് അത് ലഭിച്ചു, പക്ഷേ ഒരു ബക്കറ്റ് 5 സി നാണയങ്ങളിൽ.' എന്ന് കുറിച്ചു. അവസാന ശമ്പളത്തിനായി ആഴ്ചകളോളം റെസ്റ്റോറന്‍റില്‍ കയറി ഇറങ്ങിയ ശേഷമാണ് അവര്‍ റിയാന്‍ ശമ്പളം നല്‍കിയത്. ആൽഫി റെസ്റ്റോറന്‍റ് ഉടമ നിയാൽ മക്മോഹൻ സൗത്ത് വില്യം സ്ട്രീറ്റിന്‍റെ പരിസരത്ത് ശമ്പളം വാങ്ങാനായെത്താന്‍ റിയാനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം എത്തിയത്. എന്നാല്‍, അഞ്ച് സെന്‍റിന്‍റെ 7,100 ഓളം നാണയങ്ങളുള്ള ഒരു വലിയ ബക്കറ്റിലായിരുന്നു തന്‍റെ ശമ്പളം എന്നറിഞ്ഞ താന്‍ ഞെട്ടിപ്പോയെന്ന് മൂന്നാം വര്‍ഷ യുസിഡി വിദ്യാര്‍ത്ഥി കൂടിയായ റിയാന്‍ പറഞ്ഞു. "ഞാൻ ചിരിക്കാൻ തുടങ്ങി, അത്രമാത്രമേ എനിക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ, കിയോഗ്, ദി ജേണലിനോട് പറഞ്ഞു.