അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാത്രം 3000 കിടക്കകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസ് ലക്ഷ്യമിടുന്നത്. പുതിയ ആശുപത്രികള്‍ സ്ഥാപിച്ചും, നിലവിലുള്ളവ ഏറ്റെടുത്തുമാണ് കേരളത്തിലേക്കുള്ള വിപുലീകരണം പൂര്‍ത്തിയാക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000 കിടക്കകളും 10,000 തൊഴിലവസരങ്ങളും കേരളത്തില്‍ സൃഷ്ടിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നി അഞ്ച് സംസ്ഥാനങ്ങളിലായി 16-ലധികം ആശുപത്രികളും 5000ത്തില്‍ പരം കിടക്കകളും കിംസ് ഗ്രൂപ്പിനുണ്ട്. സംസ്ഥാനത്ത് ആദ്യ ചുവടുവെപ്പായി കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രി ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. കൂടാതെ തൃശ്ശൂരിലെ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയുമായി ഓപറേഷന്‍ ആന്‍ഡ് മാനേജ്മെന്റ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. വെസ്റ്റ്‌ഫോര്‍ട്ടില്‍ വികസന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലിമിറ്റഡ്.അടുത്ത രണ്ട് വര്‍ഷത്തിനകം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 800 കിടക്കകളുള്ള വലിയ ഹെല്‍ത്ത് സിറ്റികള്‍ സ്ഥാപിച്ച് കേരളത്തില്‍ പുതിയ ആശുപത്രികള്‍ ആരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ ചികിത്സയാണ് ലക്ഷ്യമിടുന്നതെന്ന് കിംസ് ഹോസ്പിറ്റല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഭാസ്‌കര്‍ റാവു പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് ഇന്നത്തെ കാലത്ത് അത്യാവശ്യമാണെന്നും എല്ലാവരും അതിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തമായി ആശുപത്രിയുണ്ടെങ്കിലും താന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.