ഒക്ടോബർ 31, ഹാലോവീൻ ദിനത്തിൽ പുറത്തുവിട്ട ചിത്രമാണ് നിരവധി ഉഹാപോഹങ്ങൾക്ക് ഇടയാക്കിയത്.ജെയിംസ് വെബ് ടെലിസ്കോപ്പിൽ നിന്നുള്ള ഇൻഫ്രാറെഡ് രശ്മികളും ഹബിൾ ടെലിസ്കോപ്പിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളും സംയോജിപ്പിച്ച് നിർമ്മിച്ച ചിത്രമായിരുന്നു നാസയുടെ ഫോട്ടോ. രണ്ടും കൂട്ടിച്ചേർത്തപ്പോൾ ലഭിച്ചത് നിഗൂഢമായ കോസ്മിക് അന്ധകാരത്തിൽ ഭയാനകമായി നോക്കുന്ന രണ്ട് കണ്ണുകളും.യഥാർത്ഥത്തിൽ ഇവ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട ഗോളാകൃതിയിലുള്ള ഗ്യാലക്സികളാണ്. ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലത്തിലാതിനാൽ നാം ഇപ്പോഴാണ് ഇവയെ കാണുന്നതെന്ന് മാത്രം. ഭൂമിയിൽ നിന്ന് 114 ദശലക്ഷം പ്രകാശവർഷം അകലെയാണ് ഇവയുടെ സ്ഥാനം. ഒരു പ്രകാശവർഷം 9.46 ട്രില്യൺ കിലോമീറ്ററാണ്.ഇടതുവശത്തുള്ള ചെറിയ ഗ്യാലക്സി IC 2163 ആണ്. വലതുവശത്ത് ഗാലക്സി NGC 2207. വലിയ ഗാലക്സി ചെറുതിൻ മേൽ ചെലുത്തുന്ന ഗുരുത്വാകർഷണമാണ് കൃത്യമായ അകലത്തിൽ ഇവയെ കാണാൻ കാരണം. ഫോട്ടോകളിലെ നീല വരകൾ അതിവേഗം രൂപപ്പെടുന്ന നക്ഷത്രങ്ങളുടെ കൂട്ടങ്ങളാണ്. ചുവന്ന തിളങ്ങുന്ന പാടുകൾ നക്ഷത്രങ്ങളെ മൂടുന്ന പൊടിയാണ്.