Drisya TV | Malayalam News

ആപ്പിൾ ഇന്റലിജൻസ് സെർവർ ഹാക്ക് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ?എങ്കിൽ എട്ട് കോടിയിലധികം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആപ്പിൾ 

 Web Desk    30 Oct 2024

പുതിയ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ പുറത്തിറങ്ങുന്നതിന്റെ മുന്നോടിയായാണ് ഈ പ്രഖ്യാപനം.എ.ഐ കമ്പ്യൂട്ടിങ്ങിനായി നിലവിലുള്ളതിൽ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ഇത് ആളുകളിലേക്ക് എത്തിക്കുന്നതിനും സാധ്യതയുള്ള സുരക്ഷ പാളിച്ചകൾ തിരിച്ചറിയാനുമാണ് ആപ്പിൾ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.ആപ്പിൾ ഇന്റലിജൻസ് സെർവറിന്റെ തകരാറുകളും പ്രശ്‌നങ്ങളും കണ്ടെത്താനായി പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് (പിസിസി) ഗവേഷകർക്കായി തുറന്നു കൊടുത്തിരിക്കുകയാണ് കമ്പനി.സുരക്ഷ പാളിച്ചകൾ കണ്ടെത്തുന്നവർക്കാണ് ഈ തുക പാരിതോഷികമായി ലഭിക്കുക.വെർച്വൽ റിസർച്ച് എൻവയോർമെന്റിലൂടെയാണ് ആപ്പിൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈബർ ഗവേഷകരുമായി ഇത് സംവദിക്കുക. മൂന്ന് കാറ്റഗറിയായാണ് ആപ്പിൾ ഈ ബൗണ്ടി പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്.കോൺഫിഗറേഷൻ പിഴവുകൾ അല്ലെങ്കിൽ ആപ്പിൾ ഇന്റലിജൻസ് സെർവറിന്റെ രൂപകൽപനയിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അപ്രതീക്ഷിത വിവര ചോർച്ചയിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് 250000 ഡോളറാണ് പ്രതിഫലം. ഉപയോക്താവിന്റെ റിക്വസ്റ്റുകൾ ചൂഷണം ചെയ്‌ത്‌ ഒരു ഹാക്കറിന് പി.സി.സിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന സുരക്ഷ പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഡോളറാണ് പ്രതിഫലം. സിസ്റ്റത്തിലെ ഫിസിക്കൽ അല്ലെങ്കിൽ ഇന്റേർണൽ ആക്‌സസ് പോയന്റുകളിൽ നിന്നുള്ള പ്രശ്നനങ്ങൾ കണ്ടെത്തുന്നവർക്ക് 1,50,000 ഡോളർ വരെയാണ് റിവാർഡ്.ഈ മൂന്ന് കാറ്റഗറിയിലുമല്ലാതെയുള്ള സുരക്ഷ പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്കും ആപ്പിൾ മൂല്യത്തിനനുസരിച്ചുള്ള റിവാർഡുകൾ നൽകും. ഈ പ്രോഗ്രാമിന്റെ സുതാര്യതയ്ക്കായി ഗവേഷകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ആപ്പിൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി ഒരു പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് സെക്യൂരിറ്റി ഗൈഡും ആപ്പിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഒഎസ് 18.1 ലാണ് പുതിയ ആപ്പിൾ ഇന്റലിജൻസ് ഉപയോക്താക്കളിലേക്ക് എത്തിച്ചിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News