ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായുള്ള വർഷങ്ങളായുളള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് ചൈനീസ് സ്മാർട്ഫോൺ നിർമാണ കമ്പനിയായ വാവെയ്. കമ്പനി സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചതോടെയാണ് ആൻഡ്രോയ്ഡുമായി വഴിപിരിയാൻ തീരുമാനിച്ചത്. ഹാർമണി ഒ എസ് നെക്സ്റ്റ് എന്നാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പേര്. ഒ എസിന്‍റെ പബ്ലിക് ടെസ്റ്റിംഗ് ആരംഭിച്ചെന്നും കമ്പനിയുടെ ചില ഫോണുകളിലും ടാബ്ലെറ്റുകളിലും നിലവിൽ ടെസ്റ്റിംഗ് നടക്കുകയാണെന്നും വാവെയ് കമ്പനി അധികൃതർ പറഞ്ഞു. ഹാർമണി ഒ എസ് നെക്സ്റ്റ് ആൻഡ്രോയിഡ് ആപ്പുകളെ സപ്പോർട്ട് ചെയ്യുന്ന ഒഎസ് അല്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ആൻഡ്രോയിഡ് ആപ്പുകൾ ഇനിയുള്ള വാവെയ് ഫോണുകളിൽ ലഭ്യമാവുകയുമില്ല.തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി മാത്രമായി 15000ത്തോളം ആപ്ലിക്കേഷനുകളും മെറ്റ സർവീസുകളും വാവെയ് ലോഞ്ച് ചെയ്തിട്ടുണ്ട്. ഹാർമണി ഒ എസ് നെക്സ്റ്റിന് 110 മില്യൺ ലൈൻസ് ഓഫ് കോഡ് ഉണ്ടെന്നും ഇത് മൊബൈലുകളുടെ ഒപ്റ്റിമൈസേഷൻ മുപ്പത് ശതമാനത്തോളം കൂടുതൽ മെച്ചപ്പെടുത്തുമെന്നും വാവെയ് അവകാശപ്പെടുന്നു. ഇത് കൂടാതെ ഡിവൈസിന്റ ബാറ്ററി ലൈഫും ഒരു മണിക്കൂറോളം വർധിപ്പിക്കുമെന്നും കമ്പനി പറയുന്നുണ്ട്. എന്നാൽ ചൈനയ്ക്ക് പുറത്തേക്ക് ഹാർമണി നെക്സ്റ്റ് ഇപ്പോൾ വേണ്ട എന്ന നിലപാടാണ് കമ്പനിക്കുള്ളത്. യുഎസിന്റെ ഉപരോധം മൂലം ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജെക്ടിനെ മാത്രം ആശ്രയിച്ചിരുന്ന വാവെയ്ക്ക് പുതിയ ഒ എസ് അഭിമാന പ്രോജക്ടാണ്. ഫോണുകളിലും ടാബുകളിലും മാത്രമല്ല, പിസികളിലും തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരാൻ വാവെയ്ക്ക് പദ്ധതിയുണ്ട്.