ഏകീകൃത ചാർജിങ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ വിപണിയിൽ യുഎസ്ബി ടൈപ്പ്-സി ഏകീകൃത ചാർജിങ് പോർട്ട് മാത്രമായിരിക്കും ലഭ്യമാവുക. അടുത്തവർഷം ജനുവരി ഒന്നമുതലാണ് നിയമം പ്രാബല്യത്തിൽവരുന്നത്. കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് ഈ നിയമം രാജ്യത്ത് നടപ്പാക്കുന്നത്. സൗദിയിലെ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, അധിക ചിലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയും ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുകയുമാണ് ലക്ഷ്യം. ഏകീകൃത ചാർജിങ് പോർട്ടുകൾ ഉപയോഗത്തിൽ വരുന്നതിലൂടെ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമുള്ള ചാർജിങ് പോർട്ടുകളുടെ ഉപയോഗം വർഷം 2.2 ദശലക്ഷം യൂണിറ്റുകൾ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.ആദ്യ ഘട്ടത്തിൽ മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, ഇ-റീഡറുകൾ, പോർട്ടബിൾ വീഡിയോ ഗെയിം കൺസോളുകൾ, ഹെഡ്‌ഫോണുകൾ, ഇയർഫോണുകൾ, പോർട്ടബിൾ സ്പീക്കറുകൾ, ആംപ്ലിഫൈഡ് സ്പീക്കറുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ മൗസ്, കൂടാതെ പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, വയർലെസ് റൂട്ടറുകൾ എന്നിവ ഉൾപ്പെടുന്നു.രണ്ടാം ഘട്ടം 2026 ഏപ്രിൽ ഒന്നിനായിരിക്കും ആരംഭിക്കുക. അതിൽ ലാപ്ടോപ്പുകളും ഉൾപ്പെടും. 2023 ഓഗസ്റ്റ് ആറിന് സൗദി വിപണിയിൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമായി ഏകീകൃത ചാർജിങ് പോർട്ടുകൾ ഘട്ടങ്ങളായി നടപ്പാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു.